കോട്ടയം: ഭാഷയറിയില്ല, എത്തിപ്പെടുന്നത് മരണത്തിലേക്കോ എന്നു പോലും നിശ്ചയമില്ല, പക്ഷെ അവള്‍ക്ക് ഒന്നു മാത്രം നിശ്ചയമുണ്ടായിരുന്നു, എങ്ങനെയങ്കിലും തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്ന്.
ഏഴുമാസം ഗർഭിണിയായ 22 വയസുകാരിയായ അസം സ്വദേശിനി കേരളത്തിലെത്തിയത് പ്രസവംവരെ സംരക്ഷിക്കുമെന്ന് ഉറപ്പ് കിട്ടിയതോടെ. എന്നാല്‍ എത്തിപ്പെട്ട ചതിക്കുഴിയുടെ ആഴം മനസിലായതോടെ രക്ഷപ്പെടാനുള്ള പഴുതുകള്‍ അവള് ഉണ്ടാക്കി.
ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതോടെ ഭർത്താവും വീട്ടുകാരും എതിരായി. കുഞ്ഞിനെ നശിപ്പിക്കണമെന്ന് അവർ വാശി പിടിച്ചു. ഗർഭച്ഛിദ്രത്തിന് ഭർത്താവിന്റെ നിരന്തര സമ്മർദത്തിനു മുൻപില് പിടിച്ചുനില്‍ക്കാനാകാതെയാണ് 22 കാരി നാടുവിട്ടത്.
വീടു വിട്ടിറങ്ങിയശേഷം ഡല്ഹില്വെച്ചാണ് സന്നദ്ധസംഘടനയെന്നു കരുതി 'ആർഷിഫ് കെയർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഒരു സംഘവുമായി പരിചയപ്പെട്ടത്. പ്രസവച്ചെലവും താമസവും സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് കേരളത്തിലേക്കു വന്നത്. തുടർന്ന് ജൂലായ് 16 -ന് കോട്ടയത്തെത്തി.
തുടർന്ന് ബെംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കുന്ന അർജുൻ, ഹർഷിത എന്നിവർ ചേർന്ന് യുവതിയെ പാലായ്ക്കടുത്ത് തീക്കോയിയിലെ റബ്ബർത്തോട്ടത്തിന് നടുവിലുള്ള വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. കോയമ്പത്തൂർ സ്വദേശികളായ സ്വകാര്യ ആശുപത്രി നഴ്സ് അനിത, ഭർത്താവ് രാജ(കാർത്തിക്) എന്നിവരുടെ ഗസ്റ്റ് ഹൗസായിരുന്നു അതെന്നാണ് വിവരം.
സുരക്ഷിതമെന്ന് കരുതിയെങ്കിലും പ്രസവശേഷം കുഞ്ഞിനെ മൂന്നുലക്ഷം രൂപയ്ക്ക് നല്‍കണമെന്ന ആവശ്യം സംഘം ഉന്നയിച്ചപ്പോഴാണ് ചതി മനസിലാക്കിയത്. ഇതോടെ കുഞ്ഞിനെ തരില്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും യുവതി വാശിപിടിച്ചതോടെ ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചുവെക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുംചെയ്തു.തന്നെയും വില്ക്കാൻ സംഘം പദ്ധതിയിട്ടതായി മനസിലാക്കിയതോടെ സാഹസികമായി രക്ഷപ്പെട്ടു. വഴിയില്‍ പരിചയപ്പെട്ട അങ്കണവാടി അധ്യാപികയുടെ സഹായത്തോടെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ അഭയംതേടി വിവരം അറിയിച്ചു. യുവതിയെ പിന്നീട് കോട്ടയം ഗാന്ധിനഗറിലെ 'സാന്ത്വനം' അഭയകേന്ദ്രത്തിലാക്കി.
അതേസമയം യുവതിയുടെ പരാതിയില്‍ കോട്ടയം ഈരാറ്റുപേട്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കോയമ്പത്തൂർ രാമനാഥപുരം രാംനഗറില്‍ (നമ്പർ- 36), ടീച്ചേഴ്സ് കോളനിയില്‍ മുപ്പിളി രാജ (27), ഇടുക്കി പുള്ളിക്കാനം പുതുക്കാട് കൂണ്ടാനിയില്‍ വീട്ടില്‍ കെ.എസ്. അർജുൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. വിശദാന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബുമാത്യു പറഞ്ഞു.






