ഡൽഹി: ആറ് സംസ്ഥാനങ്ങളില്‍ എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി നല്കാൻ നിർദേശിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഒഴിവാക്കിയ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നല്കാൻ ഒരവസരം കൂടി നല്‍കാനാണ് നിർദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.
എന്യൂമറേഷൻ ഫോമുകള്‍ ലഭിച്ചിട്ടും പല കാരണങ്ങളാല്‍ വോട്ട് ഒഴിവാക്കപ്പെട്ട വോട്ടർമാരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം. പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകള്‍ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും.
കൂടാതെ ഇവ വെബ്സൈറ്റില്‍ പിഡിഎഫ് രൂപത്തില്‍ ലഭ്യമാക്കും. ഒഴിവാക്കപ്പെട്ടവർക്ക് തങ്ങളുടെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നല്കാൻ ഒരവസരം കൂടി ലഭിക്കും. ഇതിനായി മുൻപത്തെ എപിക് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.






