ഗാംഗ്ടോക്: സിക്കിമില്‍ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന്റെ (43) കുടുംബാംഗങ്ങള്‍ അപകടസ്ഥലത്തെത്തി.
അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ, അനീഷിന്റെ സഹോദരൻ എന്നിവരാണ് സിക്കിമിലെത്തിയത്. ഡല്‍ഹിയിലെത്തിയ മൂന്നുപേരെയും നാഷണല്‍ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) അധികൃതർ വിമാനമാർഗം സിക്കിമിലെത്തിക്കുകയായിരുന്നു. സിഗ്നലിന്റെ ഉള്‍പ്പെടെ പ്രശ്നമുള്ളതിനാല്‍ തെരച്ചിലിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അനീഷിന്റെ സഹോദരൻ നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ചു.
എൻഎച്ച്പിസിയില്‍ സീനിയർ മാനേജരാണ് ജിയോളജിസ്റ്റായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ. 16 വർഷമായി എൻഎച്ച്പിസിയില്‍ ഉദ്യോഗസ്ഥനാണ്. കുടുംബസമേതം ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പില്‍ കുടുംബാംഗമാണ് അനീഷ്.
ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001- 04ല്‍ നാട്ടകം ഗവ.കോളേജില്‍ നിന്ന് ബിഎസ്സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ല്‍ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയില്‍ ജോലിനേടി. 2026 മുതല്‍ സിക്കിമില്‍ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. വെള്ളൂരിലെ വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണ് ഉള്ളത്. മക്കള്‍: കാർത്ത്യായനി, ആരവ്.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകള്‍ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആഘാതത്തില്‍ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതില്‍ അടഞ്ഞു. മീഥെയ്ന്റെ അളവ് അപകടകരമായരീതിയില്‍ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ആദ്യം തുരങ്കത്തില്‍ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി. തുരങ്കത്തിലും സമീപത്തും മീഥെയ്ൻ, കാർബണ്‍ മോണോക്സൈഡ്, ഹൈഡ്രജൻ സള്‍ഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. 20 തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. മണിക്കൂറുകളറായി സമർദംഗ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന അനീഷ് ഉള്‍പ്പെടെയുള്ള അഞ്ചുപേർക്കായി തെരച്ചില്‍ തുടരുകയാണ്.






