കോട്ടയം: ആളുകളുടെ മുന്നില്‍ നിന്ന് ഷൂ അഴിക്കുമ്പോള്‍ പലപ്പോഴും നമ്മള് നാണംകെട്ട് പോകാറുണ്ട്.
കാരണം ഷൂവില്‍ നിന്നും സഹിക്കാൻ പറ്റാത്ത തരത്തിലുളള ദുർഗന്ധം ചിലപ്പോള്‍ വരും. ചിലപ്പോള്‍ ഷൂ നനഞ്ഞാലും ഇത് പോലുളള ദുർഗന്ധം വരാറുണ്ട്.
മറ്റുളളവരുടെ മുന്നില്‍ ഈ നാണക്കേട് ഒഴിവാക്കാൻ ഷൂ കളയേണ്ട കാര്യമില്ല. നിങ്ങളുടെ അടുക്കളയില്‍ തന്നെയുളള ചില വസ്തുക്കള്‍ ഉപയോഗിച്ച് ഷൂവിലെ ദുർഗന്ധം മാറ്റാൻ സാധിക്കും.
നിങ്ങള്‍ കാലില്‍ ധരിക്കുമ്പോള്‍ വായു കടക്കാതെ അടഞ്ഞ് ഇരിക്കുന്നതും വിയർപ്പ് തങ്ങി നില്ക്കുന്നതും കാരണം ഷൂസില്‍ ബാക്ടീരിയകള്‍ വളരാൻ ഏറ്റവും കൂടുതല്‍ അനുയോജ്യമായ ഇടമാണ്. അത് തന്നെയാണ് ദുർഗന്ധത്തിനും കാരണം. അത് മാറ്റാനുളള പൊടിക്കൈ ആണ് ബേക്കിംഗ് സോഡ.
ബേക്കിംഗ് സോഡ ഇടുന്നതിന് മുൻപ് ഷൂസ് പൂർണ്ണമായും ഉണങ്ങിയതാണെന്ന് ഉറപ്പുവരുത്തുക. നനഞ്ഞ ഷൂസില്‍ ഇട്ടാല്‍ ഇത് കുഴമ്പ് രൂപത്തിലാവുകയും ഷൂസിന്റെ മെറ്റീരിയലിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യും.
ഓരോ ഷൂസിലും ഒന്നുമുതല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വരെ ബേക്കിംഗ് സോഡ ഇടുക. ഷൂവിന്റെ ഉള്‍ഭാഗത്തും മുൻവശത്തുമെല്ലാം പൊടി എത്തുന്ന രീതിയില്‍ നന്നായി കുലുക്കുക.
ഒരു രാത്രി മുഴുവൻ അല്ലെങ്കില്‍ കുറഞ്ഞത് 8 മണിക്കൂർ ഇത് ഇങ്ങനെ തന്നെ വെക്കുക. കടുത്ത ദുർഗന്ധമുള്ള ഷൂസാണെങ്കില്‍ 24 മണിക്കൂർ വരെ വെക്കാവുന്നതാണ്. രാവിലെ ഷൂവിലെ പൊടി കളയുക.
ഷൂസിനുളളിലേക്ക് നേരിട്ട് പൊടി ഇടാൻ താല്പര്യം ഇല്ലെങ്കില്‍ കോട്ടണ്‍ തുണിയിലോ മറ്റോ ബേക്കിംഗ് സോഡ ഇട്ട് കെട്ടി ഷൂസിനകത്ത് വെച്ചലും മതി. വേണമെങ്കില്‍ സുഗന്ധത്തിനായി ഇതില്‍ ഒന്നോ രണ്ടോ തുള്ളി എസ്സെൻഷ്യല്‍ ഓയില്‍ കൂടി ചേർക്കാവുന്നതാണ്.
സാധാരണയായി ആഴ്ചയിലൊരിക്കലോ അല്ലെങ്കില്‍ ദുർഗന്ധം തുടങ്ങുന്നു എന്ന് തോന്നുമ്പോഴോ ഇത് ചെയ്യാം. സോക്സ് ഇടാതെ ഷൂ ധരിക്കുന്നവരാണെങ്കില്‍ ദിവസവും ഇത് ചെയ്യേണ്ടി വന്നേക്കാം. പലതവണ ചെയ്തിട്ടും ദുർഗന്ധം മാറുന്നില്ലെങ്കില്‍ ഷൂ നന്നായി കഴുകി ഇൻസോള്‍ ഊരിമാറ്റി തണലത്ത് ഉണക്കുക.






