തിരുവനന്തപുരം: ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലര്‍ച്ചെ വരെ ആയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളില്‍ എത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഇത് പരിഗണിച്ച് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അവധിക്ക് പകരമായി ഒരു ശനിയാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റി ക്രമീകരിക്കാവുന്നതാണെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ വിദ്യാർത്ഥികള്‍ക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളില്‍ എത്താൻ ബുദ്ധിമുട്ടായിരിക്കും.
ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നല്കുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.






