കോഴിക്കോട്: പുതിയാപ്പയില് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയില്‍ നിന്നും ഷെല്‍ കണ്ടെത്തി. വലവീശുന്നതിനിടെയാണ് മത്സ്യതൊഴിലാളികള്‍ക്ക് ഷെല്‍ ലഭിച്ചത്.
മത്സ്യബന്ധനം കഴിഞ്ഞ് കരയിലെത്തിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ഇത് എന്താണെന്ന് തിരിച്ചറിയാൻ തൊഴിലാളികള്‍ക്ക് സാധിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നിയതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പൊലീസും ബോംബ് സ്ക്വോഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷെല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഏതെങ്കിലും കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
നിലവില്‍ ഷെല്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.






