ഷാർജ: ഷാർജയില്‍ മലയാളി ദമ്പതികളുടെ ഏകമകള്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ഷാർജ അല്‍ നബ്ബയില്‍ താമസിക്കുന്ന കാസർകോട് മൊഗ്രാല്‍ സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്.
വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നു. മുബാറക് അലിയുടെ മകള്‍ സഫയാണ് മരിച്ചത്. ഏഴ് വയസ്സാണ്.
ഷാർജയിലെ സ്വകാര്യ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ് ജോലിക്ക് പോയതിനാല്‍ പിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ 9 മണിയോടെയാണ് സംഭവം.
ജനലിലൂടെ കുട്ടി അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഉടനെ ഷാർജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേനലവധിക്ക് നാട്ടില്‍ പോയ കുടുംബം കഴിഞ്ഞ ബുധനാഴ്ച്ചയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ഷാർജയില്‍ താമസിക്കുകയാണ് കുടുംബം.






