തിരുവനന്തപുരം:കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹവും ഗ്രൂപ്പ് പോരും തെരുവിലേക്ക് വലിച്ചിഴച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി.
ഷാഫി പറമ്പില്‍ എംപിയെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും
ലക്ഷ്യമിട്ട് ഉണ്ണിത്താൻ നടത്തിയ കടന്നാക്രമണങ്ങള്‍ വരും ദിവസങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
പുറത്ത് ഷാഫി പറമ്പിലിനെയാണ് ലക്ഷ്യം വെക്കുന്നതെങ്കിലും
ഉണ്ണിത്താൻെറ യഥാർത്ഥ ലക്ഷ്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണെന്നാണ് സൂചന.
ഭരണം കിട്ടിയതോടെ വി.ഡി.സതീശൻെറ പക്ഷത്തേക്ക് ചാഞ്ചാടിയ രാജ്മോഹൻ ഉണ്ണിത്താൻ , മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എ ഗ്രൂപ്പിൻെറ നേതാവായ ഷാഫി പറമ്പിലിനെ ഉന്നമിട്ട് പോരിനിറങ്ങിയിരിക്കുന്നത്.
ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതി
നല്‍കിയതിന് പിന്നാലെയാണ് ഉണ്ണിത്താൻ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയത്.
ഷാഫി പറമ്പില്‍ എ ഗ്രൂപ്പിലല്ലെന്നും അങ്ങനെയെങ്കില്‍ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും പരിഹസിച്ച ഉണ്ണിത്താൻ, 'ആശാനും ശിഷ്യനും' ചേർന്ന് തനിക്കെതിരെ സൈബർ ആക്രമണം നടത്തുകയാണെന്നും ആരോപിച്ചു.
തന്റെ ഡയറിയിലെ വിവരങ്ങളും എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും
പുറത്തുവിടുമെന്ന ഭീഷണി കൂടി മുഴക്കിയതോടെ പാർട്ടി നേതൃത്വം കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.
ഉണ്ണിത്താന് മറുപടിയുമായി ഷാഫി പറമ്പിലും അദ്ദേഹത്തിൻെറ അനുയായികളും രംഗത്തിറങ്ങിയാല്‍
കോണ്‍ഗ്രസിലെ അഭ്യന്തര രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുമെന്ന് തീർച്ചയാണ്.
ഇപ്പോള്‍ തന്നെ ഷാഫിയെ പിന്തുണയ്ക്കുന്നവർ ഉണ്ണിത്താനെതിരെ സൈബറിടങ്ങളില്‍ പ്രത്യാക്രമണം തുടങ്ങിക്കഴിഞ്ഞു.
രാജ് മോഹൻ ഉണ്ണിത്താൻെറ പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിന് ഉളളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
സർക്കാരും പാർട്ടിയും തമ്മില്‍ ഏകോപനമില്ലെന്ന ഉണ്ണിത്താന്റെ മുൻപത്തെ വിമർശനങ്ങള്‍ക്ക് പിന്നാലെയാണ് ഈ പരസ്യപ്പോര്.






