കൊച്ചി : മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗം സിദ്ധാർഥ്, കൊല്ലം സ്വദേശിയായ ഒരു യുവാവിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി തീരുമാനിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. മന്ത്രി വേദിയിൽ സംസാരിക്കുന്നതിനിടെ നഫീസത്തുൽ മിസ്രിയ വേദിയിലെത്തി ചോദ്യം ഉന്നയിക്കുകയും ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതോടെ ചടങ്ങ് തടസ്സപ്പെട്ടു. സംഭവത്തിൽ കെഎസ് യു നേതാക്കൾ കഴിഞ്ഞ ശനിയാഴ്ച കോളേജിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചേർന്ന കോളേജ് കൗൺസിൽ യോഗമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.






