മലപ്പുറം : കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്. കൊണ്ടോട്ടി പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. തിരിച്ചറിയുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും പോലീസ് നിർദ്ദേശം നൽകി. ബസിൽ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും ഉണ്ടായെന്നാണ് പരാതി.
പാലക്കാട് - കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസി ബസിലാണ് സംഭവം. മലപ്പുറം സ്വദേശിനിക്കെതിരെയാണ് ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും നടന്നത്. ബസ് കണ്ടക്ടർ സംഭവം നടന്നയുടൻ പൊലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയില്ലെന്നും പരാതിയുണ്ട്. എന്തിന് ജനറൽ സീറ്റിൽ ഇരുന്നു എന്ന് കണ്ടക്ടർ ചോദിച്ചെന്ന് വിദ്യാർത്ഥിനി പറയുന്നു. പരാതിയുമായി മുന്നോട്ടു പോകാനാണ് വിദ്യാർത്ഥിനിയുടെ തീരുമാനം.
കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊണ്ടോട്ടി എസ്എച്ച്ഒയെയോ എസ്ഐയെയോ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.






