തിരുവനന്തപുരം: എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി.
ചട്ടപ്രകാരം പ്രവര്‍ത്തിച്ചിട്ടും തന്നെ മാറ്റിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
അറിയിക്കേണ്ട എല്ലാ കാര്യങ്ങളും താന്‍ കൃത്യമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് ദോഷം വരുത്തുന്ന ഏതെങ്കിലുമൊരു പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
തന്നെ മാറ്റിയതില്‍ സര്‍ക്കാരിന് എന്തെങ്കിലും താത്പര്യമുണ്ടാകാം എന്നാണ് സാംബശിവറാവു സൂചിപ്പിക്കുന്നത്. പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. യാത്രയയപ്പും ഔദ്യോഗിക വാഹനവും ഒഴിവാക്കിയാണ് അദ്ദേഹം അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
പോകുന്നതിന് മുമ്പായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അദ്ദേഹം കൈക്കൂലി ആരോപണം ഉയര്‍ത്തുകയും ചെയ്തു.സ്ഥാനചലനത്തിന് മുമ്പ് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എസ് വിനോദും, ഡെപ്യൂട്ടി കമ്മീഷണര്‍ അജയും ബാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശയും ചെയ്തു.
വിമാനത്താവളത്തില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതിനെ സാംബശിവറാവു ന്യായീകരിച്ചു. FL 7 ലൈസന്‍സ് എക്സൈസ് കമ്മീഷണര്‍ക്ക് അനുവദിക്കാമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ചട്ടപ്രകാരം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് കമ്മീഷണറുടെയും വിമാനത്താവള അധികൃതരുടെയും സമ്മതത്തോടെ ലോഞ്ച് ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.






