കോഴിക്കോട്: ഇന്നു മുതൽ എൻഐടിയിലെ മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സിൽനിന്നുയിർക്കുന്ന മിന്നൽപ്പിണരുകളും ഇടിമുഴക്കങ്ങളും വിണ്ണിലെ ദേവകളെ ആനന്ദിപ്പിക്കട്ടേ!
കൂടുതൽ വേഗവും കൂടുതൽ ദൂരവും കൂടുതൽ ഉയരവും കൈവരിച്ച് കൗമാരതാരങ്ങൾ കായിക ഇന്ത്യയുടെ സമ്മോഹന പ്രതീക്ഷകൾ ചുമലിലേറ്റി ഒളിമ്പിക്സിലും
ലോക മേളകളിലും ത്രിവർണപതാക പാറിക്കട്ടേ! 2026 സംസ്ഥാന സ്കൂൾ കായികമേളയിൽ ഇനി അത്ലറ്റിക്സിന്റെ പഞ്ചദിന പൂരം.
രാവിലെ 7.30ന് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഫൈനലോടെ ആദ്യദിവസത്തെ പോരാട്ടത്തിന് തുടക്കമാകും.
ആകെ 14 ഫൈനലുകളാണ് ഇന്നുള്ളത്. മറ്റു ഗെയിംസ് വേദികളിൽ സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ, നെറ്റ്ബോൾ, ത്രോബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ, യോഗ മത്സരങ്ങൾ തുടരും.
എറണാകുളത്തിന്റെ അജയ്യതയ്ക്കുമേൽ ആഞ്ഞടിച്ച പാലക്കാടൻ കാറ്റിനെ നിർവീര്യമാക്കി മലപ്പുറം കഴിഞ്ഞ രണ്ടു തവണയും കൈയടക്കിയ ചാമ്പ്യൻപട്ടം ഇത്തവണ ആർക്കാവും?
പ്രവചനം അസാധ്യം. തിരുനാവായ നാവാമുകുന്ദ സ്കൂൾ ഇത്തവണയില്ലാത്തത് മലപ്പുറത്തിന്റെ വീര്യം കുറയ്ക്കുന്നുണ്ട്.






