കൊച്ചി: എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡാറ്റാ സയന്റിസ്റ്റ് വിഭാഗത്തിന് കീഴില്‍ ചീഫ് മാനേജര്‍, മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അനുവാദമില്ല. ചീഫ് മാനേജര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. മാനേജര്‍ തസ്തികയില്‍ 14 ഉം ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 4 ഉം ഒഴിവുകാണ് ഉള്ളത്. വിവിധ തസ്തികയിലേക്ക് വേണ്ട പ്രായപരിധി, യോഗ്യത എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നോക്കാം.
ചീഫ് മാനേജര്‍
പ്രായപരിധി 27 മുതല്‍ 37 വയസ്സ് വരെ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് മേഖലകളില്‍ കുറഞ്ഞത് ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയം (യോഗ്യത നേടിയ ശേഷമുള്ളത്) ഉണ്ടായിരിക്കണം. ഇതില്‍ പൈത്തണ്‍ അടിസ്ഥാനമാക്കിയുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍, ജനറേറ്റീവ് എഐ അല്ലെങ്കില്‍ ഏജന്റിക് എഐ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
മാനേജര്‍
പ്രായപരിധി 26 മുതല്‍ 36 വയസ്സ് വരെ. എഐ, എംഎല് മേഖലകളില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം (യോഗ്യത നേടിയ ശേഷമുള്ളത്). ഇതില്‍ പൈത്തണ്‍ അടിസ്ഥാനമാക്കിയുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍, ജനറേറ്റീവ് എഐ അല്ലെങ്കില്‍ ഏജന്റിക് എഐ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഡെപ്യൂട്ടി മാനേജര്‍
പ്രായപരിധി 24 മുതല്‍ 32 വയസ്സ് വരെ. അടിസ്ഥാന യോഗ്യത നേടിയ ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ മൊത്തത്തിലുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതില്‍ അനലിറ്റിക്സ്, എഐ, എംഎല് അല്ലെങ്കില്‍ ജെന്‍എഐ എന്നീ മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തിപരിചയം ഉള്‍പ്പെട്ടിരിക്കണം. കൂടാതെ, എഐ, എംഎല്, ഡീപ് ലേണിംഗ് അല്ലെങ്കില്‍ ജെന്‍എഐ മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തിപരിചയവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം.
ഈ മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഡാറ്റാ സയന്‍സ്, അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് എന്നീ വിഷയങ്ങളില്‍ ബിഇ, ബിടെക് അല്ലെങ്കില്‍ എംടെക് ബിരുദം/ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ തത്തുല്യമായ ബിരുദം എന്നിവ ഉണ്ടായിരിക്കണം.
ഡാറ്റാ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ എംഎസ്സി, സ്റ്റാറ്റിസ്റ്റിക്സില്‍ എംഎ, മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്, മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവ ഉണ്ടായിരിക്കണം. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡോ ഉദ്യോഗാര്‍ത്ഥികള്‍ നേടിയിരിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഷോര്‍ട്ട്ലിസ്റ്റിംഗ്, ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ ഉള്‍പ്പെടുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടെന്നതുകൊണ്ട് മാത്രം അഭിമുഖത്തിന് വിളിക്കപ്പെടും എന്ന് ഉറപ്പില്ല. ബാങ്ക് രൂപീകരിക്കുന്ന ഒരു ഷോര്‍ട്ട്ലിസ്റ്റിംഗ് കമ്മിറ്റി മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും, അഭിമുഖത്തിനായി ആവശ്യമായ എണ്ണം ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ബാങ്കിന്റെ തീരുമാനമായിരിക്കും അന്തിമം.
2026 ഡിസംബറിലോ 2027 ജനുവരിയിലോ പരീക്ഷ നടത്താനാണ് സാധ്യത. ബാങ്ക് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരീക്ഷാ കോള്‍ ലെറ്ററുകള്ലഭ്യമാക്കുകയും, എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുകയും ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തമായി കോള്‍ ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.
രാജ്യത്തുടനീളമുള്ള നിശ്ചിത കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ നടത്തുക. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ക്ക് അനുയോജ്യമായ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കേണ്ടതാണ്. പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിക്കുന്നതല്ല.
അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം, ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ മുതല്‍ താഴേക്ക് എന്ന ക്രമത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. കട്ട്-ഓഫ് മാര്‍ക്കില്‍ ഒന്നിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേ മാര്‍ക്ക് ലഭിക്കുകയാണെങ്കില്‍, പ്രായത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് നിശ്ചയിക്കും. ഇതില്‍ കൂടുതല്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെറിറ്റ് ലിസ്റ്റില്‍ മുന്‍ഗണന ലഭിക്കും.






