തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്ന് ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സർക്കാർ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഈ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിർണയിക്കാവൂ എന്ന് പിണറായി ചൂണ്ടിക്കാട്ടി.
എന്നാല്‍, കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലില്‍ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നല്‍കിയിട്ടുമില്ല. കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതല്‍ നാല് രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സർക്കാർ ഈ കരാർ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വിഇഎച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചത്. വിഇഎച്ചിന് ടെൻഡറില്‍ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാർ നല്‍കിയത് ആരുടെ താല്പര്യപ്രകാരമാണ്? ജി.എൻ.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങള്‍ക്ക്, 'കരാറില്‍ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നല്കി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.






