ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ മദൻലാല്‍ ഖുറാന ഫൗണ്ടേഷൻ ആരംഭിച്ച ജൻകൗശല്‍ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡഡറായി നിയോഗിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. സഞ്ജുവും രേഖ ഗുപ്തയും ചേർന്ന് ജൻകൗശല്‍ കേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.
ഡല്‍ഹിയുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ട്. തന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് .യാത്ര ആരംഭിച്ചതും ഇവിടെയാണ്. ഇപ്പോള്‍ മദൻലാല്‍ ഖുറാന ഫൗണ്ടേഷന്റെ മോത്തി നഗറിലെ ജൻ കൗശല്‍ കേന്ദ്രത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയില്‍ അദ്ദേഹം ഡല്‍ഹിയിലെ ജനങ്ങളെ നൈപുണ്യത്തിലേക്കും അവസരങ്ങളിലേക്കും സ്വയം പര്യാപ്തതയിലേക്കും നയിക്കുമെന്ന് രേഖ ഗുപ്ത ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ഷാലിമാർ ബാഗില്‍ ജൻകൗശല്‍ കേന്ദ്രയുടെ കീഴില്‍ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായുള്ള ആലോചന സർക്കാർ തലത്തില്‍ നടക്കുകയാണ്. അടുത്ത ഒരുവർഷത്തില്‍ ഒരുകോടി പേരെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മേഖലയില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സഞ്ജുവിന്റെ വീഡിയോ സന്ദേശവുമുണ്ടാകും.






