മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തിരിച്ചുവിളിച്ചു.ഈ മാസം 13നാണ് മത്സരം ആരംഭിക്കുന്നത്.
പ്രഭ്സിമ്രാൻ സിംഗിന് പകരമാണ് സഞ്ജു തിരിച്ചെത്തുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ടീമില്‍ ഉപനായകനായി തിലക് വർമ്മ തുടരും. വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷനും ടീമിലുണ്ട്.പരിക്കില്‍ നിന്ന് പൂർണമായി മോചിതനാകാത്ത ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചില്ല.
ലോകകപ്പ് നേട്ടത്തില്‍ പ്രധാനപങ്കുവഹിച്ചിരുന്ന സഞ്ജുവിനെ അയർലാൻഡിനും ഇംഗ്ളണ്ടിനുമെതിരായ പരമ്പരകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ സിംബാബ്വേ പര്യടനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി ,ഓള്‍റൗണ്ടർമാരായ ശിവം ദുബെ, അക്ഷർ പട്ടേല്‍ എന്നിവർ ടീമിലിടം നേടിയിട്ടുണ്ട്. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാല്‍ മാത്രമേ കളിക്കൂ. ബുംറ ഐറിഷ്, ഇംഗ്ളീഷ് പര്യടനങ്ങള്‍ക്ക് ആദ്യം ടീം പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായിരുന്നെങ്കിലും പരിക്ക് ഭേദമാകാത്തതിനാല്‍ ഒഴിവാക്കേണ്ടിവന്നു.
ഈ മാസം 13, 15, 17 തീയതികളിലായി ഡല്‍ഹിയിലാണ് മൂന്ന് മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, അക്ഷർ പട്ടേല്‍, വരുണ്‍ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ,ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി,വാഷിംഗ്ണ് സുന്ദർ.






