പാലാ: പറയത്തക്ക ഒരു റോഡ് പോലും ഇല്ലാതിരുന്ന കുഗ്രാമങ്ങളിലൂടെ ആനവണ്ടിയെ കൊണ്ടുവന്ന് നാട്ടുകാരെ അത്ഭുതപ്പെടുത്തിയ ഇച്ഛാശക്തിയ്ക്ക് 50 വയസ്സ്.
കൃത്യമായി പറഞ്ഞാല്‍, 1976 സെപ്തംബര്‍ 1 നാണ് യാതൊരു യാത്രാ സൗകര്യങ്ങളും ഇല്ലാതിരുന്ന മേവട, തോടനാല്‍, കാഞ്ഞിരമറ്റം പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി പുതിയ കെഎസ്ആർടിസി സര്‍വ്വീസ് ആരംഭിച്ചത്.
50 വര്‍ഷമായി ഒരു ട്രിപ്പ് പോലും മുടക്കാതെ, എല്ലാദിവസവും കൃത്യനിഷ്ഠയോടെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് നാട്ടുകാരുടെ പ്രിയപ്പെട്ട ബസ് സര്‍വീസായി. ബസ് കടന്നു പോകുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ വികാരമായി മാറി ഈ സർവീസ്.
ബസ് വന്ന വഴി
അന്ന് കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഉതിരക്കുളത്ത് വേലായുധൻ നായരും, റവ. ഫാ. മാത്യു മാമ്പുഴക്കുന്നേലും, പി സി എബ്രഹാം പിരിന്തിരിക്കലും, മറ്റത്തില്‍ എം വി ആന്റണിയും, തോമസ് ഏറകോന്നിലും, കെ റ്റി ജോസഫ് കളർ പാറയും ചേർന്നായിരുന്നു ബസ് സർവ്വീസ് യാഥാർത്ഥ്യമാക്കുന്നതിന് ചുക്കാൻ പിടിച്ചത്.
കെ എം മാണി എംഎല്‍എ യുടെയും, ജെ എ ചാക്കോ എംഎല്‍എ യുടെയും നേതൃത്വത്തില്‍ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന എം എൻ ഗോവിന്ദന് നായരെ നേരിട്ടുകണ്ട് അഭ്യര്‍ത്ഥിച്ചാണ് ബസ് സര്‍വീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്.
ബസ് സർവീസ് അനുവദിച്ച് മന്ത്രി ഉത്തരവിട്ടെങ്കിലും, അന്വേഷണ ചുമതലയുളള ഉദ്യോഗസ്ഥര്‍ നടത്തിയ സ്ഥല പരിശോധനയില്‍ ടാറിംഗ് നടത്താത്ത, കയറ്റവും ഇറക്കവും ഉള്ള റോഡിലൂടെ ബസ് ഓടിക്കുന്നത് വിജയകരമാവില്ല എന്ന എതിരായ റിപ്പോര്‍ട്ടാണ് അധികൃതർക്ക് നല്‍കിയത്.
വീണ്ടും, എംഎല്‍എ മാരുടെ നേതൃത്വത്തില്‍ മന്ത്രിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും മുന്നില്‍ നിരന്തരം കയറിയിറങ്ങിയാണ് ബസ് സര്‍വീസ് ആരംഭിച്ചത്.
ആദ്യകാലത്ത്, ഈ സർവീസ് പാലായില്‍ നിന്നും തോടനാല്‍ വരെ ആയിരുന്നു. പിന്നീട് കാഞ്ഞിരമറ്റത്തേക്കും, ഇപ്പോള്‍ ചെങ്ങളം വരെയും സർവീസ് നീട്ടിയിട്ടുണ്ട്.
വിശ്വസിക്കാവുന്ന ബസ്
രാവിലെ 6 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ്, രാത്രി 9.30 ന് അവസാനിപ്പിക്കുന്നത് വരെ തോടനാല്‍, മേവട, കാഞ്ഞിരമറ്റം, ചെങ്ങളം പ്രദേശത്തെ ജനങ്ങള്‍ക്ക് വിശ്വസിക്കാവുന്ന, ഒരിക്കലും മുടങ്ങാത്ത ബസ് ആണ്. അതുകൊണ്ടാണ് നാട്ടുകാരുടെ ഹൃദയ താളമായി ഈ സർവീസ് മാറിയത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതിയാണ് ബസ് സർവീസിന്റെ അമ്പതാം വാർഷിക ആഘോഷം സംഘടിപ്പിച്ചത്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാലകളും പുഷ്പങ്ങളും കൊണ്ട് ബസ് പൂര്‍ണ്ണമായും അലങ്കരിച്ചു.
വൈകിട്ട് 4 മണിക്ക് പാലായില്‍ നിന്നും ആരംഭിച്ച സര്‍വീസ് തോടനാല്‍ കപ്പിലിക്കുന്ന് ജംഗ്ഷനില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഹര്‍ഷാരവത്തോടെ ബസിനെ സ്വീകരിച്ചു. ബസ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ബസ് ജീവനക്കാര്‍ക്ക് നാട്ടുകാരുടെ വക സ്നേഹോപഹാരങ്ങള്‍ നല്കി ആദരിച്ചു. പാലാ ഡിപ്പോയില്‍ ഏറ്റവും കൂടുതല്‍ കളക്ഷനുള്ള ഓര്‍ഡിനറി ബസുകളിലൊന്നാണിത്.
കാഴ്ച മറച്ച് അപകടം പതിവായിരുന്ന കപ്പിലിക്കുന്ന് ജംഗ്ഷനിലെ കാഴ്ചമറവ് പരിഹരിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്കിയ എം വി ആന്റണി മറ്റത്തില്‍, പി സി എബ്രാഹം പരിന്തിരിക്കല്‍, ഡോ. പി ജെ സെബാസ്റ്റ്യന്‍ പാമ്പയ്ക്കല്‍, എന്നിവരെ സ്വീകരണ യോഗത്തില്‍ ആദരിച്ചു.
യോഗത്തില്‍ തോടനാല്‍ പള്ളി വികാരി റവ. ഫാ. മാത്യു കാലായില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, കാഞ്ഞിരമറ്റം പള്ളി വികാരി റവ. ഫാ. ജോസഫ് മണ്ണനാല്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാജന് മണിയങ്ങാട്ട്, കാഞ്ഞിരമറ്റം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോജി ആലയ്ക്കല്‍, കൊഴുവനാല്‍ പഞ്ചായത്ത് മെമ്പര്‍മാരായ ജോയി മാടയാങ്കല്‍, സാജി വളവനാല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷീല രാജേഷ്, ഡാലിയ ജോണി, അകലകുന്നം പഞ്ചായത്ത് മെമ്പര്‍മാരായ ജോബി ജോമി, മിജോ ജോസഫ്, എലിക്കുളം പഞ്ചായത്ത് മെമ്പര്‍ ആന്‍സി ജെയിംസ് ജീരകത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ മേരിക്കുട്ടി ജോര്‍ജ്, ഉഷ സുകുമാരന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടോമിച്ചന് പിരിയന്മാക്കല്, അഡ്വ. ജി അനീഷ്, ബേബി പരിന്തിരി, സണ്ണി നായിപുരയിടം, പി കെ തോമസ് പൂവത്തിനാല്‍, ജോഷി പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു.






