എരുമേലി: ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് എരുമേലി ശബരിമല പാതയില്‍ സുരക്ഷാ പരിശോധന നടത്തുന്നതിന് മുന്നോടിയായി ജോലികള്‍ പൂർത്തിയാക്കാൻ സർക്കാർ നിർദേശം നല്കി.
നിലവിലുള്ള മുഴുവൻ സൈൻ ബോർഡുകളും വൃത്തിയാക്കി വ്യക്തമാക്കി പ്രദർശിപ്പിക്കല്‍, കാലഹരണപ്പെട്ട സൈൻ ബോർഡുകള്‍ നീക്കി പകരം പുതിയത് സ്ഥാപിക്കല്‍, സീബ്രാലൈനുകള്‍ ദൃശ്യമാക്കല്‍, റിഫ്ലക്ടർ ലൈറ്റുകള്‍ പ്രവർത്തിപ്പിക്കല്‍, റോഡിന്റെ നടുക്കും വശങ്ങളിലുമുള്ള ലൈനുകള്‍ ദൃശ്യമാക്കല്‍, വളവുകളിലെ പ്രത്യേക മാർക്കിംഗ് പുതുക്കല്‍, റോഡിന്റെ വശങ്ങളിലെ കാടുകള്‍ വെട്ടിത്തെളിക്കല്‍ ഉള്‍പ്പടെ സുരക്ഷ ഉറപ്പാക്കുന്ന മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കണമെന്നാണ് നിർദേശം.
കണമല ഇറക്കത്തില്‍ ഒരു ഡസനോളം പുതിയ ബോർഡുകള്‍ അപകട മുന്നറിയിപ്പ് നല്കാൻ സ്ഥാപിക്കുന്നതിന് ദേശീയപാത വിഭാഗം ടെൻഡർ നല്‍കിയിട്ടുണ്ട്. ഇറക്കത്തില്‍ മണ്ണിടിഞ്ഞ ഭാഗം നവീകരിക്കും. അപകടസാധ്യത തീവ്രമായ അട്ടിവളവില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുന്നുണ്ട്. ക്രാഷ് ബാരിയർ തകർന്നത് പരിഹരിക്കും. എരുമേലി ടൗണില്‍ സീബ്രാലൈൻ ഉള്‍പ്പടെ ദേശീയ പാതയുടെ പരിധിയിലുള്ള കണമല മുതല്‍ എരുമേലി - മുണ്ടക്കയം പാതയില്‍ പഴയ ബോർഡുകള്‍ നവീകരിക്കും.
സോളാർ ബ്ലിങ്കിംഗ് ലൈറ്റുകള്‍ പ്രവർത്തനക്ഷമമാക്കുന്നതിനും ടെൻഡർ നല്‍കിയിട്ടുണ്ട്.
പൊലിസ്, പൊതുമരാമത്ത്, ദേശീയപാത വിഭാഗം, മോട്ടോർ വെഹിക്കിള്‍ വകുപ്പ് എന്നിവയുടെ പ്രധാന ഉദ്യോഗസ്ഥരാണ് സുരക്ഷാ പരിശോധന നടത്തുക. നവംബർ ആദ്യം റോഡുകള്‍ സന്ദർശിച്ച് ഇവർ വിലയിരുത്തല്‍ നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ഇതിനു മുന്നോടിയായി പ്രധാനമായും റോഡ് സുരക്ഷാ ജോലികള്‍ക്ക് പ്രാധാന്യം നല്കി പൂർത്തിയാക്കാനാണ് നിർദേശം.
മഴ, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണമാക്കാതെ നിർദേശിച്ച മുഴുവൻ പ്രവൃത്തികളും ശബരിമല സീസണ് ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കി സുരക്ഷാ ഓഡിറ്റിംഗ് നടത്തി റിപ്പോർട്ട് നല്‍കണമെന്നാണ് സർക്കാർ പ്രത്യേകം നിർദേശിച്ചിരിക്കുന്നത്.
ശബരിമല തീർഥാടനവുമായി സേവനം വേണ്ടിവരുന്ന മുഴുവൻ വകുപ്പുകളുടെയും മന്ത്രിമാർ ഇക്കാര്യത്തില്‍ സജീവ ശ്രദ്ധയും അവലോകനവും ചെയ്യണമെന്ന് മുഖ്യമന്ത്രി പ്രത്യേക നിർദേശം നല്‍കിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി മോൻസ് ജോസഫ് പ്രവൃത്തികള്‍ എല്ലാം കോ-ഓർഡിനേറ്റ് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള ശബരിമല പാതകളില്‍ സുഗമമായ യാത്ര ഉറപ്പാക്കാനാണ് നിർദേശം. റോഡില്‍ കുഴികള്‍ പാടില്ല. കുഴിയടയ്ക്കല്‍ ഉടനെ നടത്തണം. റോഡിന്റെ വശങ്ങള് തെളിക്കണം. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടരുത്. പഴയ സൈൻ ബോർഡുകള്‍ വൃത്തിയാക്കണം. തകർന്നവ നീക്കി പുതിയ ബോർഡുകള്‍ സ്ഥാപിക്കണം. പാലങ്ങളില്‍ കൈവരികള്‍ ഉണ്ടായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.






