സന്നിധാനം: ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ധിക്കുന്നു.
മണ്ഡലകാലത്ത് നട തുറന്ന് പതിനാലാം ദിവസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തിയത് ഇന്നലെയാണ്.
അവധി ദിനത്തില്‍ 80,000ത്തിലേറെ സ്വാമിമാരാണ് സന്നിധാനത്തെത്തി അയ്യപ്പദര്‍ശനം നടത്തിയത്. വെര്‍ച്വല്‍ ക്യൂ വഴി 66,000 പേര് എത്തിയപ്പോള്‍ സ്പോട്ട് ബുക്കിങ്ങിലൂടെ പതിനായിരത്തിലേറെ പേര്‍ക്കും ദര്‍ശനം ലഭിച്ചു.
ഇന്നും മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. സ്പോട്ട് ബുക്കിങ് കൗണ്ടറുകള്‍ വഴി പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കണമെന്നാണ് പൊലീസിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിര്‍ദേശം.
കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ്ങിനായി എത്തിയ എല്ലാവര്ക്കും ദര്‍ശനാനുമതി നല്‍കിയിരുന്നു.
അതേസമയം, മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് ആഗ്രഹിക്കുന്ന ഒരു ഭക്തനെയും നിരാശരാക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പ്രതിദിന തീര്‍ത്ഥാടക നിയന്ത്രണങ്ങളുടെ പേരില്‍ ആരെയും മടക്കി അയക്കില്ലെന്നും എത്തുന്നവര്‍ക്ക് സ്പോട്ട് ബുക്കിങ് വഴി ദര്‍ശനത്തിന് അവസരമൊരുക്കുമെന്നുമാണ് ബോര്‍ഡിന്റെ നിലപാട്.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതോടെ ദര്‍ശനത്തിന് എങ്ങനെ എത്തുമെന്ന ആശങ്കയിലുള്ള ഭക്തര്‍ക്കും ബോര്‍ഡ് ഉറപ്പുനല്‍കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച ദിവസം തന്നെ തീര്‍ത്ഥാടകര്‍ക്ക് എത്താമെന്നും എത്രപേര്‍ വന്നാലും ദര്‍ശനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നുമാണ് അറിയിപ്പ്.






