ശബരിമല: ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിശദ അന്വേഷണം നടത്താൻ നിർദേശം. ദേവസ്വം വിജിലൻസ് അന്വേഷണം ശക്തമാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
ബോർഡ് യോഗം വിഷയം പരിശോധിച്ചു. ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നും ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കാൻ സംവിധാനം ഒരുക്കുമെന്നും തീരുമാനിച്ചു.
അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അന്യായ ലാഭം ലക്ഷ്യമിട്ട് പ്രവർത്തിച്ചെന്നാണ് വിജിലൻസ് എഫ്ഐആറിലെ ആരോപണം. ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ അനുമതി നൽകിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടിയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു.






