ഡൽഹി: പർവതനിരകളില്‍ നിന്ന് ഇന്ത്യയുടെ ഗതാഗത ഭാവി മാറ്റിമറിക്കാൻ പോകുന്ന വൻ സാങ്കേതിക മുന്നേറ്റവുമായി അല്‍മോറയിലെ കാഫ്ലിഖാൻ ഗ്രാമവാസിയായ രവി തംത.
ഇത്രയും കാലം ശാസ്ത്രസിനിമകളില് മാത്രം കണ്ടിരുന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് 'ഹാപിഡ സ്കൈനെക്സ്' എന്ന ഒറ്റയാള്‍ ഇലക്ട്രിക് ഫ്ലയിംഗ് വാഹനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.
സ്വന്തം സ്റ്റാർട്ടപ്പായ 'ഹാപിഡ സ്കൈ പ്രൈവറ്റ് ലിമിറ്റഡ്' വഴി ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് മനുഷ്യനെ സുരക്ഷിതമായി ആകാശമാർഗം വഹിച്ചുകൊണ്ട് പോകാൻ ശേഷിയുള്ള ഈ വാഹനം അദ്ദേഹം രൂപകല്‍പ്പന ചെയ്തത്.
തന്റെ നിത്യജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നാണ് ഇത്തരമൊരു ആശയം മനസില്‍ ഉദിച്ചതെന്ന് രവി തംത വ്യക്തമാക്കുന്നു. സ്വന്തം ഗ്രാമത്തില്‍ നിന്ന് വീട്ടിലേക്കുള്ള 40 കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിക്കാൻ നിലവില്‍ ഒന്നര മണിക്കൂറോളം സമയമെടുക്കുമ്പോള്‍, ഈ ആകാശ വാഹനം യാഥാർഥ്യമാകുന്നതോടെ ആ യാത്ര വെറും 10 മിനിറ്റായി ചുരുങ്ങും.
പ്രത്യേകിച്ച് ദുർഘടമായ മലയോര മേഖലകളില്‍ ആകാശയാത്ര സുഗമവും പ്രായോഗികവുമാക്കുന്ന ഒരു ഇലക്ട്രിക് പെർസണല് ഫ്ലയിംഗ് വെഹിക്കിള്‍ വികസിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
അല്‍മോറയിലെ തുറസായ മൈതാനത്ത് നടന്ന പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പിന്തുണയാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്.
വർഷങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് വ്യക്തമാക്കിയ രവി തംത, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണിതെന്ന് കൂട്ടിച്ചേർത്തു. സാധാരണക്കാരനായ ഒരു ഗ്രാമീണന്റെ ഈ അത്ഭുത കണ്ടുപിടുത്തം വലിയ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്.
ഉന്നത ബിരുദങ്ങളുള്ളവരേക്കാള് ഇത്തരം തദ്ദേശീയ കണ്ടുപിടുത്തക്കാർക്ക് അർഹമായ പിന്തുണയും അംഗീകാരവും നല്‍കണമെന്ന് പലരും ആവശ്യപ്പെടുന്നു.
നിലവില്‍ ഇതൊരു പ്രാരംഭ ഘട്ട മോഡല്‍ മാത്രമാണെങ്കിലും, വലിയ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വൻനഗരങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ ചെറിയ ഗ്രാമങ്ങളും സജ്ജമാണെന്ന് തെളിയിക്കുകയാണ് ഈ ചെറുപ്പക്കാരൻ.






