പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിലും സ്റ്റോക്ക് രേഖപ്പെടുത്തിയതിലും വൻ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ. 2021ൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ്. മനുവിനെതിരായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം. 2017 മുതൽ 2020 വരെയുള്ള കാലയളവിലെ ഇടപാടുകൾ പരിശോധിച്ച സംഘം, ഈ കാലയളവിൽ മാത്രം ദേവസ്വത്തിന് ഏകദേശം പത്ത് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണ്ടെത്തിയത്.
ആവശ്യമായതിന്റെ ഇരട്ടിയിലധികം സാധനങ്ങൾ സ്റ്റോക്കിലുള്ളതായി രേഖകളിൽ കൃത്രിമമായി കാണിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. അഷ്ടാഭിഷേക വഴിപാടിന് ആവശ്യമായതിന്റെ അഞ്ചിരട്ടി വരെ സാധനങ്ങൾ വാങ്ങിയതായി രേഖകളിൽ വ്യക്തമാകുന്നതായും റിപ്പോർട്ടിലുണ്ട്.
2020ൽ നടത്തിയ മിന്നൽ പരിശോധനയിലും ക്രമക്കേടിന്റെ സൂചനകൾ വിജിലൻസിന് ലഭിച്ചിരുന്നു. പരിശോധനയ്ക്കിടെ മെയിൻ സ്റ്റോറിൽ കണക്കിൽ ഉൾപ്പെടാത്ത തേനും അരവണ നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെത്തി.
അരവണ പാക്കിംഗിനായി വാങ്ങിയ സാധനങ്ങളിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി രേഖകളിൽ കാണിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഡാമേജ് രേഖപ്പെടുത്തിയതിലൂടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.






