കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിജിലൻസിന് വിട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച്.
നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് അന്വേഷണം വിജിലൻസിന് വിട്ടത്.
പ്രത്യേക കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണായക ഇടപെടല്‍.
വിഷയം അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കണം. കേസെടുത്ത് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കണമെന്നും പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിക്കണമെന്നും വ്യക്തമാക്കിയ കോടതി, കേസില്‍ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17A പ്രകാരമുള്ള മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ ഓഗസ്റ്റ് 2 ലെ റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറാൻ നിർദ്ദേശിച്ച കോടതി, അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ വെളിപ്പെടുത്തരുതെന്നും ഉത്തരവിട്ടു. അന്വേഷണ സംഘം കോടതിയോട് മാത്രമാണ് മറുപടി പറയാൻ ബാധ്യസ്ഥരായിട്ടുള്ളത്. കൂടാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.






