കോട്ടയം : ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടിടെ മലരിക്കല്‍ ആമ്പല്‍ വസന്തം വെള്ളത്തിലായി. ആമ്പൽ പാടത്തു വെള്ളം കയറി മുങ്ങിയതോടെ തദ്ദേശവാസികളുടെ വരുമാനവും ഇല്ലാതായി.
തുടർമഴയില്‍ ആമ്പല്‍ വെള്ളത്തിനടിയിലായി മലരിക്കല്‍ ആമ്പലില്ലാത്ത പാടമായി മാറി. കളക്ടറുടെ നിർദ്ദേശപ്രകാരം അപകടസാദ്ധ്യത കണക്കിലെടുത്ത് ബോട്ടിംഗ് നിർത്തിവെച്ചു. മഴമാറിയാല്‍ ആമ്പലുകള്‍ ഒരാഴ്ചക്കുള്ളില്‍ വീണ്ടും ഉയർന്നുവരുമെന്നാണ് പ്രതീക്ഷ.
വെള്ളത്തില്‍ മുങ്ങിയാല്‍ പൂവുകള്‍ക്ക് വലിപ്പം കൂടും ഇതളുകള്‍ക്ക് കട്ടി കൂടുമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞവർഷം അഞ്ചുകോടി രൂപയുടെ വരുമാനം ആമ്പല്ടൂറിസം വഴി ലഭിച്ചിരുന്നു. ആമ്പല്‍ വിരിയാൻ തുടങ്ങിയിട്ട് ഒരുമാസമായി. ആഗസ്റ്റ് -സെപ്തംബറാണ് നോക്കെത്താദുരം ആമ്പല്‍ വിരിയുന്ന സീസണ്.
ഒക്ടോബറോടെ കൃഷിക്കായി നിലം ഉഴുതുമറിക്കുന്നതോടെ ആമ്പലുകള്‍ നശിക്കും. ആമ്പല്‍പാടത്ത് പൂക്കള്‍ കാണിക്കുന്നതിന് 1000 രൂപവരെ വള്ളക്കാർക്ക് ലഭിച്ചിരുന്നു. നൂറിലേറെ കുടുംബങ്ങളുടെ പ്രധാന വരുമാനമാർഗമായിരുന്നു. ഹോംസ്റ്റേയില്‍ സൗകര്യം ഒരുക്കിയും വരുമാനമുണ്ടാക്കിയിരുന്നു.






