ശബരിമല: സന്നിധാനത്തെ അന്നദാന പ്രവർത്തനങ്ങള്‍ തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
അയ്യപ്പഭക്തർക്ക് മികച്ച ഭക്ഷണം നല്‍കുന്നതിനാണ് അന്നദാനം ലേലം ചെയ്തു നല്‍കിയതെന്നും ആ പ്രവർത്തനത്തെ അങ്ങനെ തോല്‍പ്പിച്ചു കളയാമെന്ന് വിചാരിച്ചാല്‍ നടക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ അന്നദാന മണ്ഡപത്തില്‍ ഒരാള്‍ അതിക്രമിച്ചു കയറി. ഒരാള്‍ കടന്നു കയറിയതുകൊണ്ട് വലിയ ദോഷമില്ല എന്ന് നമുക്ക് പറയാം.
എന്നാല്‍ എന്തിന് കടന്നുകയറി എന്നതാണ് പ്രശ്നം. രാത്രി മൂന്നു മണിക്ക് അന്നദാനം മണ്ഡപത്തില്‍ ഒരാള്‍ കയറണമെങ്കില്‍ അത് നല്ല ഉദ്ദേശത്തോടെയല്ല. ഇത്തരം നീക്കങ്ങള്‍ തടയുന്നതിനായി 25 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറ ദൃശ്യങ്ങളുടെ ഫീഡ് പൊലീസിന് കൈമാറുകയും ചെയ്തു. ഇതിനുപുറമെ സന്നിധാനത്ത് വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്നദാനം മോശമാണെന്ന് വരുത്തിത്തീർക്കാനോ പ്രവർത്തനം തടസ്സപ്പെടുത്താനോ ശ്രമിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. അന്നദാനം നടത്താൻ അനുവദിക്കില്ല എന്ന തരത്തിലുള്ള 'സ്ട്രീറ്റ് സ്മാർട്ട്നെസ്സ്' ശബരിമല അയ്യപ്പന്റെ മുന്നില്‍ വേണ്ട.
മുൻപ് ലഭിച്ചിരുന്ന അനധികൃത ആനുകൂല്യങ്ങളും സ്വാധീനങ്ങളും നഷ്ടപ്പെട്ടവരുടെ നിരാശയാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





