പൊൻകുന്നം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി പൊൻകുന്നം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ചുക്കുകാപ്പി വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി നിർവഹിച്ചു.
ഇന്ന് വൈകിട്ട് ഏഴിന് പൊൻകുന്നത്ത് നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി. ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് ചന്ദ്രൻ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കുമാർ, വാർഡ് മെമ്പർ ഷാലിജ ജിഷ്ണു, ടോമി സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് രാത്രിയിൽ പൊൻകുന്നം-എരുമേലി വഴി ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന അയ്യപ്പഭക്തർക്കും വാഹനങ്ങളിലെ ഡ്രൈവർമാർക്കും ചുക്കുകാപ്പി വിതരണം ചെയ്യുന്ന പദ്ധതിക്ക് 18 വർഷത്തെ പാരമ്പര്യമുണ്ട്.
രാത്രിയാത്രയ്ക്കിടെ ഉറക്കം മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനും യാത്രക്കാർക്ക് ഉന്മേഷം പകരുന്നതിനുമായാണ് പോലീസ് ഈ പദ്ധതി ആരംഭിച്ചത്.
പൊൻകുന്നത്തും കണമല മാക്കിൽക്കവലയിലുമായി വർഷങ്ങളായി തുടരുന്ന ഈ സേവനപദ്ധതി തീർത്ഥാടനകാലത്ത് പോലീസിന്റെ ജനസൗഹൃദ ഇടപെടലിന്റെയും കരുതലിന്റെയും മാതൃകയായി തുടരുകയാണ്.





