പത്തനംതിട്ട : ശബരിമലയിലെ മണ്ഡലകാല ഒരുക്കങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ടെന്‍ഡര്‍ നടപടികളില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. മാസങ്ങള്‍ വൈകിയാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. ശബരിമല, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കടകള്‍, ഹോട്ടലുകള്‍ എന്നിവയുടെ ലേലം ഇതുവരെ വിളിച്ചിട്ടില്ല. ഇതിന് പുറമേ ഏലയ്ക്ക, നെയ്യ് എന്നിവക്കുള്ള ടെന്‍ഡറും വിളിച്ചിട്ടില്ല എന്നാണ് വിവരം.
ഉണ്ണിയപ്പം, മോദക നിര്‍മാണം എന്നിവക്കുള്ള ടെന്‍ഡറും ഫയലിലാണ്. അരവണ നിറയ്ക്കാനുള്ള ടിന്നുകളുടെ വിതരണം ഉറപ്പാക്കാനായിട്ടില്ലെന്നതും പരാതിയുണ്ട്. ദേവസ്വം ബോര്‍ഡിനെതിരെ കോണ്‍ഗ്രസ് അനുകൂല ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഘടനയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
മണ്ഡല മകരവിളിക്ക് ആരംഭിക്കാന്‍ 54 ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. മുന്‍കാലങ്ങളില്‍ മെയ് മാസം മുതല്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ചുരുങ്ങിയ സമയം മാത്രം മുന്നിലുള്ളപ്പോള്‍ ടെണ്ടര്‍ നടപടികള്‍ പകുതി പോലും പൂര്‍ത്തിയായിട്ടില്ലെന്നാണ് ആക്ഷേപം. ശര്‍ക്കരയുടെ ടെന്‍ഡര്‍ ആയെങ്കിലും കരാര്‍ ഒപ്പിട്ടിട്ടില്ല.
ശബരിമലയിലെയും നിലയ്ക്കലിലെയും കടകളുടെ ലേലം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചില കടകള്‍ ഒഴിവാക്കാനുള്ള നീക്കം ദേവസ്വം ബോര്‍ഡ് നടത്തുന്നതായും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് ഓഫീസറോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തേടിയിട്ടുണ്ട്.
അതേസമയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ദേവസ്വം മന്ത്രിയും ബോര്‍ഡും തമ്മില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിലവിലെ സാഹചര്യം അറിയിക്കാനുള്ള നീക്കം.






