പത്തനംതിട്ട : ശബരിമലയിൽ ഭക്തജന തിരക്ക് വർധിച്ചു. തിങ്കളാഴ്ച മൂന്ന് മണിക്ക് നട തുറന്നതോടെ ദർശനത്തിനെത്തിയ തീർത്ഥാടകരെ കൊണ്ട് നടപന്തൽ നിറഞ്ഞു. വൈകീട്ട് നാല് മണി വരെയുള്ള കണക്ക് പ്രകാരം തിങ്കളാഴ്ച്ച മല കയറാൻ 59037 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 4184 പേർ സ്പോട്ട് ബുക്കിംഗ് ആണ്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ എല്ലാ തീർത്ഥാടകർക്കും സുഖദർശനത്തിന് സാധിച്ചു.
ഇന്നലെ ദർശനത്തിന് 60,003 തീർത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. ശനിയാഴ്ച 61677 പേർ ശബരിമലയിൽ ദർശനത്തിന് എത്തിയിരുന്നു. അതേസമയം ശബരിമലയിൽ തിരക്ക് കുറയുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്കിംഗിൽ ചില ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ദിവസേനയുള്ള വെർച്വൽ ക്യൂ ബുക്കിംഗിൽ 5,000 ഭക്തരുടെ വർദ്ധനവ് വരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിംഗിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന പ്രചാരണം ദേവസ്വം ബോർഡ് തള്ളി. ബുക്ക് ചെയ്ത ശേഷം ദർശനത്തിന് എത്താതിരുന്നാൽ പിന്നീട് മണ്ഡലകാലത്ത് അവസരം നിഷേധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.
ഈ സീസണിൽ വെർച്വൽ ക്യൂ സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തുന്നത് ആലോചനയിലില്ല. നിലവിൽ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയാൽ വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്ക ബോർഡിനുണ്ട്. അതിനാൽ എന്തെങ്കിലും പരിഷ്കാരങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സീസണിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂ.






