പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തും.
ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്തിയില്ലെങ്കിൽ വീണ്ടും സ്ലോട്ട് ലഭിക്കില്ല.
ബുക്കിങ്ങിന് ആധാർ അധിഷ്ഠിത ഒടിപി നിർബന്ധമാക്കും.
അയൽ സംസ്ഥാന ട്രാവൽ ഏജൻസികൾ ശബരിമല ദർശനത്തിനുള്ള
വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നത് തടയാനാണ് ദേവസ്വം ബോർഡിൻറെ നടപടി.
ബുക്ക് ചെയ്ത ദിവസം എത്താത്തവർക്കും ബുക്കിങ് റദ്ദാക്കാതിരിക്കുന്നവർക്കും മണ്ഡലക്കാലത്ത് പിന്നീട് ബുക്കിങ് ലഭിക്കില്ല.
ബുക്ക് ചെയ്ത ദിവസം എത്താൻ അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസത്തേയ്ക്ക് സമയം മാറ്റാം.
ബുക്കിങ് റദ്ദാക്കണമെങ്കിൽ അതിനും സൗകര്യം ഉണ്ടായിരിക്കും.
കൂട്ടത്തോടെയുള്ള ബുക്കിങ് അവസാനിപ്പിക്കാൻ ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ കഴിഞ്ഞദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.
ഓരോ തീർത്ഥാടകന്റെയും ആധാർ നമ്പർ നൽകി അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ഒടിപി അയച്ച് ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോൾ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനാകൂ.
ഓരോ തീർത്ഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യൂ ആർ കോഡ് നൽകണമെന്നും ഇത് പമ്പയിലോ നിലയ്ക്കലോ പരിശോധിക്കണമെന്നും ആലോചനയുണ്ടെങ്കിലും ഇത് ഉടൻ നടപ്പാക്കില്ല.






