കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ സുരക്ഷാ ക്രമീകരണങ്ങളും അയ്യപ്പഭക്തർക്ക് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി അവലോകന യോഗം സംഘടിപ്പിച്ചു.
എരുമേലി പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു ഐപിഎസ് അധ്യക്ഷത വഹിച്ചു.
മണ്ഡലകാലത്ത് എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനും ഗതാഗതം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമായി ക്രമീകരിക്കുന്നതിനും സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.
മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മേഖലകളും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
പോലീസ്, ഫോറസ്റ്റ്, എക്സൈസ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, ദേവസ്വം ബോർഡ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ്,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളും ജനപ്രതിനിധികളും വിവിധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
എരുമേലി ജുമാ മസ്ജിദ്, കാളകെട്ടി ക്ഷേത്രം, അയ്യപ്പസേവാസംഘം, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.
വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും നിർദേശങ്ങളും ആവശ്യങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ വകുപ്പുകളെയും സംഘടനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
മുൻവർഷത്തേക്കാൾ മികച്ച രീതിയിൽ സുരക്ഷിതമായും സുഗമമായും നടത്തുന്നതിനുള്ള തുടർനടപടികൾ യോഗം വിലയിരുത്തി.






