പത്തനംതിട്ട : ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകള് നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്. നിലയ്ക്കല് പാർക്കിംഗ് ഗ്രൗണ്ടില് നിന്നും കെഎസ്ആർടിസി സ്റ്റാൻഡില് നിന്നും പുറത്തേക്കു കടക്കാൻ പര്യാപ്തമായ രീതിയിലാണ് നിർമ്മിക്കേണ്ടത്. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചു.
മണ്ഡലപൂജ, മകര വിളക്ക് കാലത്ത് വാഹനങ്ങള് തിങ്ങി ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കാനാണ് പൊലീസ് ശ്രമം. പ്ലാൻ ബി എന്ന നിലയിലാണ് ഇത് സമർപ്പിച്ചത്. നിലവില് മാസ പൂജ സമയങ്ങളിലും ശബരിമലയില് വൻ തിരക്കുണ്ട്. വരുന്ന മണ്ഡല, മകരവിളക്ക് കാലത്ത് ഭക്തജനത്തിരക്ക് കഴിഞ്ഞസീസണേക്കാള് കൂടുമെന്നാണ് പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തല്.
വാഹനങ്ങള് സുഗമമായി നിലയ്ക്കലില് നിന്ന് കടത്തിവിടാനാണ് പുതിയ റോഡ് നിർമ്മിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഈ മാസം 17ന് തീർത്ഥാടന ഒരുക്കങ്ങളുടെ അവലോകന യോഗത്തിനെത്തുന്ന മുഖ്യമന്ത്രിക്ക് മുന്നില് പുതിയറോഡുകളുടെ നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കും.






