പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിലേക്ക് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ നഴ്സിങ് ഓഫീസർ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടക്കുന്നു.
പുരുഷ ഉദ്യോഗാർത്ഥികള്‍ക്കാണ് ഈ അവസരം ലഭ്യമാക്കിയിട്ടുള്ളത്. ആകെ 87 ഒഴിവുകളാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയിലും കരിമലയിലുമായി പ്രവർത്തിക്കുന്ന എമർജൻസി മെഡിക്കല്‍ സെന്ററുകളിലാണ് ഇവർക്ക് നിയമനം ലഭിക്കുക.യോഗ്യതകളും മുൻഗണനയും:അംഗീകൃത കോളേജില്‍ നിന്നുള്ള ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് യോഗ്യതയും കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത.
മുൻ വർഷങ്ങളില്‍ ശബരിമലയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എ.സി.എല്‍.എസ് (ACLS) സർട്ടിഫിക്കറ്റ് ഉള്ളവർക്കും നിയമനത്തില്‍ മുൻഗണന ലഭിക്കും. നവംബർ 14 മുതല്‍ 2027 ജനുവരി 21 വരെയാണ് സേവന കാലാവധി.അഭിമുഖ വിവരങ്ങള്‍:താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അസ്സല് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പത്തനംതിട്ട കളക്ടറേറ്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ച് ഒക്ടോബർ എട്ടിന് (നാളെ) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് അഭിമുഖം നടക്കുന്നത്.






