കോട്ടയം: ഒരാഴ്ചയായി തുടരുന്ന ഒറ്റപ്പെട്ട മഴയിലും റബറിന് നേട്ടമില്ല. കഴിഞ്ഞ ആഴ്ചവരെ പൊള്ളുന്ന വെയിലില്‍ വാടിത്തളര്ന്നിരിക്കുകയായിരുന്നു റബര്‍ കൃഷിയും.
റബറിനും ലാറ്റക്സിനും ഒട്ടുപാലിനും ഉയര്‍ന്ന വില ലഭിക്കുന്ന സന്ദര്‍ഭത്തിലാണു കര്‍ഷകരെ വലച്ച് ചൂട് വര്‍ധിക്കുന്നത്.
ഏതാനും വര്‍ഷങ്ങളായി ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ ടാപ്പിംഗ് ദിനങ്ങള്‍ പൊതുവേ കുറവായിരുന്നുവെങ്കില്‍ ഇത്തവണ കൂടുതല്‍ ലഭിച്ചു. മഴക്കാലത്തിനിടയിലെ ഇടവേളയില്‍ ടാപ്പിംഗ് ദിനങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഉത്പാദനം കൂടുന്ന പതിവും ഇത്തവണ തെറ്റി.
ഓഗസ്റ്റ് ആദ്യവാരത്തിലെ കനത്ത മഴയില്‍ റബര്‍ ഇലകള്‍ പൊഴിഞ്ഞത് ഉത്പാദനത്തെ ബാധിച്ചിരുന്നു. ഓഗസ്റ്റ് - ഒക്ടോബര്‍ മാസങ്ങളില്‍ ശരാശരി ഉത്പാദനവും പിന്നാലെ നവംബര്‍ - ജനുവരിയിലെ തണുപ്പില്‍ മികച്ച ഉത്പാദനവും നല്‍കുന്നതാണ് റബറിന്റെ രീതി. ഇത്തവണ കാലാവസ്ഥ തകിടം മറിഞ്ഞതിനാല്‍ തണുപ്പുകാലത്തെ ഉത്പാദനത്തില്‍ കര്‍ഷകരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്.
മിക്ക തോട്ടങ്ങളിലും ഉത്പാദനം പകുതിയായി കുറഞ്ഞു. ടാപ്പിംഗ് നടത്തി മണിക്കൂറുകള്‍ക്കകം കനത്ത ചൂടില്‍ പാല് ഉറയും. വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മഴക്കാല സംരക്ഷണം ഒരുക്കാത്ത തോട്ടങ്ങളില്‍ പോലും ടാപ്പിംഗ് പുനരാരംഭിച്ചിരുന്നു. പ്രതീക്ഷിച്ച ഉത്പാദനം ലഭിക്കാതായതോടെ പലരും ടാപ്പിംഗ് നിര്‍ത്താന്‍ ഒരുങ്ങുകയാണ്. കൂലിക്കാരെ ടാപ്പിംഗിന് നിയോഗിച്ചവരാണു വെട്ടിലായത്. ഷീറ്റ് വിറ്റാല്‍ തൊഴിലാളിക്കുള്ള പണം പോലും കിട്ടില്ല.
തോട്ടങ്ങളില്‍ നടക്കേണ്ട വളപ്രയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങളും താളം തെറ്റി. മണ്ണിലെ ഈര്‍പ്പം കുറയുന്നതു രോഗ, കീടബാധ വര്‍ധിക്കുന്നതിനും കാരണമാകും. വരും സീസണില്‍ മരങ്ങളില്‍ രോഗ ബാധ വര്‍ധിച്ചാല്‍ വീണ്ടും ഉത്പാദനം കുറയും.
റീ പ്ലാന്റിംഗ് നടത്തിയവര്‍ക്കും നടത്താന്‍ ഒരുങ്ങിയവര്‍ക്കും വെയില് തിരിച്ചടിയാകുകയാണ്. ജൂണ്‍, ജൂലൈയില്‍ തൈ നട്ടവര് ഇപ്പോള്‍ പല സ്ഥലങ്ങളിലും തണലൊരുക്കേണ്ട അവസ്ഥയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലെപോലെ സ്ഥിരമായി മഴ ലഭിക്കുന്നില്ല. സെപ്റ്റംബറില്‍ തൈ നടാനായി നിലം തയാറാക്കി കാത്തിരുന്നവര്‍ വെയിലിന്റെ ചൂടില്‍ പിന്നാക്കം പോയിരിക്കുകയാണ്. എന്തൊക്കെയായാലും റബര്‍ വില ഉയർന്നുനില്ക്കുന്നത് കര്‍ഷകര്‍ക്കു നേരിയ ആശ്വാസം പകരുന്നുണ്ട്.






