തിരുവനന്തപുരം: ആർ ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം.
കോർപറേഷൻ സെക്രട്ടറിക്ക് രാജി നല്‍കുന്നത് ഒഴിവാക്കാനാണ് ശ്രമം. നാളെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ചർച്ച നടത്തും. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല.
മേയർക്ക് രാജി കത്ത് നല്കിയ ശ്രീലേഖ നഗരസഭ സെക്രട്ടറിക്ക് രാജി നല്‍കിയിട്ടില്ല.
രാവിലെ 11.52ന് ശാസ്തമംഗലം വാർഡിനറെ വാട്സ്ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തിലൂടെയാണ് രാജിക്കാര്യം ആർ ശ്രീലേഖ അറിയിക്കുന്നത്.
30 ന് മേയർക്ക് രാജിക്കത്ത് നല്കി. തിങ്കളാഴ്ച് കോപ്പി കളക്ടർക്കും നല്‍കും. രാജി വ്യക്തിപരമായ കാരണങ്ങളാല്‍. എല്ലാ സ്നേഹത്തിനും സഹകരണത്തിനും നന്ദി. മേയർ കത്ത് രഹസ്യമാക്കിവെച്ചതോടെയാണ് രാജിക്കാര്യം പരസ്യമാക്കിയുള്ള ശ്രീലേഖയുടെ നീക്കം.
സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി ബിജെപിയില്‍ ചേരുന്നത് 2024ല്‍ ആണ്. പാർട്ടി ദേശീയതലത്തില്‍ വലിയനേട്ടമാക്കി ഉയർത്തിക്കാട്ടിയുള്ള എൻട്രി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മേയർ സ്ഥാനാർത്ഥിയാക്കിയായിരുന്നു പ്രചാരണം.
ചരിത്രത്തിലാദ്യമായി തലസ്ഥാനഭരണം പിടിച്ചിട്ടും മേയർ സ്ഥാനത്ത് നിന്ന് ശ്രീലേഖയെ വെട്ടി. അന്ന് മുതല്‍ തുടങ്ങിയ അതൃപ്തിയുടെ തുടർച്ചയാണ് രാജിഭീഷണി. ഏറ്റവും ഒടുവില്‍ ദേശീയവനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതും കാരണമായി.






