കോട്ടയം: റോട്ടറി ക്ലബ് ഓഫ് കോട്ടയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും 'സമർപ്പണം' സർവീസ് പ്രൊജക്റ്റിന്റെയും ഭാഗമായി അയ്മനം പുലിക്കുട്ടിശ്ശേരിൽ പ്രവർത്തിക്കുന്ന ഹന്ന ഭവനിലെ അന്തേവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിലേറ്റീവ്സ് ക്ലബ് തെക്കേത്തലയ്ക്കലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
അന്തേവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ജനറൽ ചെക്കപ്പ്, ഹൃദയ സംബന്ധമായ പരിശോധനകൾ, പ്രമേഹ നിർണ്ണയ പരിശോധന, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിശോധനകൾ എന്നിവ സൗജന്യമായി ലഭ്യമാക്കി.
ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റ് പി.പി. മാത്യു, കാർഡിയോളജിസ്റ്റ് ഡോ. ഫിലിപ്പോസ് ജോൺ, സുപ്രീംകോടതി അഭിഭാഷകൻ ഡോ. ജോസ് അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.






