കട്ടപ്പന: വളപ്രയോഗം നടത്തുന്നതിനിടെ മലയില്‍ നിന്നു കൂറ്റന്‍പാറകള്‍ പതിച്ച് ഏലത്തോട്ടം ഉടമയ്ക്ക് ദാരുണാന്ത്യം.
ഒപ്പമുണ്ടായിരുന്ന ഭാര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കട്ടപ്പന വള്ളക്കടവിനു സമീപം ശാസ്താനടയിലുണ്ടായ അപകടത്തില്‍ പുരയിടം പി.ജെ. സെബാസ്റ്റ്യനാ (ബെന്നി 59) ണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതോടെ ബെന്നിയുടെ പുരയിടത്തിനും ഏലത്തോട്ടത്തിനും മുകളിലായി പൊത്തക്കള്ളിമലയില് നിന്ന് കൂറ്റന്‍പാറകള്‍ വീഴുകയായിരുന്നു.
ഈസമയം ബെന്നിയും ഭാര്യയും ഏലച്ചെടികള്‍ക്ക് വളം ഒഴിക്കുകയായിരുന്നു. തോട്ടത്തിലെ ചെടികളും മരങ്ങളും വലിയ കല്ലുകളും തകര്‍ത്ത് ഉഗ്രശബ്ദത്തോടെ മണ്ണും പാറകളും ഇരച്ചെത്തി. ശബ്ദംകേട്ട് സെബാസ്റ്റ്യനും ഭാര്യ ജെസിയും സമീപത്തെ വലിയൊരു പാറയ്ക്കു പിന്നില്‍ അഭയം തേടി.
മലയില്‍ നിന്നെത്തിയ പാറകള്‍ ഇടിച്ചതോടെ സുരക്ഷിതമെന്നു കരുതിയ ഈ പാറ നിരങ്ങിനീങ്ങി. സെബാസ്റ്റ്യന്‍ പാറയ്ക്കും തോട്ടത്തിലെ കോണ്‍ക്രീറ്റ് ജലവിതരണ ടാങ്കിനും ഇടയില്‍ പെട്ടു.
ജെസിയുടെ നിലവിളി കേട്ട് പ്രദേശവാസികളും തോട്ടത്തിലുണ്ടായിരുന്നവരും ഓടിയെത്തി കോണ്‍ക്രീറ്റ് ടാങ്കിന്റെ ഒരുവശം തകര്‍ത്താണു സെബാസ്റ്റ്യനെ പുറത്തെടുത്തത്. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മഴയോ മറ്റ് പ്രകൃതിക്ഷോഭങ്ങളോ ഇല്ലാതിരുന്നതിനാല്‍ അപകടം പ്രതീക്ഷിക്കാതെ ധാരാളം കര്‍ഷകരും തോട്ടം തൊഴിലാളികളും പ്രദേശത്തെ തോട്ടങ്ങളില്‍ പണിയെടുക്കുന്നുമുണ്ടായിരുന്നു. ശബ്ദം കേട്ടതോടെ ഇവര്‍ റോഡിലേക്ക് ഓടിയിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.






