കോട്ടയം: റോഡിലെ കുഴികൾ യാത്രക്കാരെ വലച്ചപ്പോൾ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി റോഡ് ഗതാഗതയോഗ്യമാക്കി. അയ്മനം പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ 4-ാം വാർഡിലെ പുത്തൻതോട് എഞ്ചിൻതറ മുതൽ മുട്ടേൽ വരെയുള്ള റോഡിലെ കുഴികളടച്ചു ഗതാഗതയോഗ്യമാക്കി.
കുഞ്ഞ് പോളക്കാട്ടിൽ, കിരൺ പുതിയാട്ടിൽ, ബെന്നി പുളിക്കത്തറ, സേവ്യർകുട്ടി മണ്ണുപറമ്പിൽ, ബോസ് പുത്തൻപുരക്കൽ, ജോണിച്ചൻ കണ്ടമുണ്ടാരിയിൽ എന്നിവരുടെ നേത്യത്വത്തിലാണു പ്രവർത്തികൾ നടത്തിയത്.
ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാർ മുന്നിട്ടിറങ്ങി കുഴികളടച്ചു ഗതാഗതയോഗ്യമാക്കിയത് താൽകാലികമായിട്ടെങ്കിലും ഇതുവഴിയുള്ള യാത്രക്കാർക്ക് ചെറിയ ആശ്വാസം നൽകുന്നതാണ്.
മുട്ടേൽ കാവനാൽ ചിറ-പരിപ്പ് റോഡ് തകർന്ന നിലയിലായിരുന്നത് നാട്ടുകാർ മുന്നിട്ടിറങ്ങി ഈ മാസം ആദ്യം കുഴികളടച്ചു ഗതാഗതയോഗ്യമാക്കിയിരുന്നു.
പുത്തൻതോട് - പരിപ്പ്- തൊള്ളായിരം
റോഡ് നിർമാണത്തിന് അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുകയാണ്.






