പെരുവ: അധികൃതരുടെ അനാസ്ഥ മൂലം വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാന്‍ നടപടി ആയില്ല.
കടുത്തുരുത്തി - വൈക്കം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന കയ്യൂരിക്കല്‍ - ഇറുമ്പയം റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങളായി.
റോഡിനോടുള്ള അധികൃതരുടെ അനാസ്ഥ യ്ക്കെതിരെ സമരത്തിനു തയാറെടുക്കുകയാണു നാട്ടുകാര്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു റോഡ് നിര്‍മാണത്തിനു പണം അനുവദിച്ചു ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിരുന്നതാണ്. എന്നാല്‍, വൈക്കം - കടുത്തുരുത്തി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്റെ വൈക്കം മണ്ഡലത്തിലെ റോഡ് മാത്രം നന്നാക്കാന്‍ ടെഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും കരാറുകാരന് ഒരു കലുങ്ക് മാത്രം പണിത് പദ്ധതി ഉപേക്ഷിച്ചു പോവുകയാണു ചെയ്തത്.
അപ്പോഴും കടുത്തുരുത്തി മണ്ഡലത്തിലെ ഒരു കിലോമീറ്റര്‍ റോഡ് ഒന്നും ചെയ്യാതെ കിടക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മന്ത്രിയും, എം.എല്‍.എ.യും, ജനപ്രതിനിധികളും സ്ഥലത്തെത്തി റോഡ് ഉടന്‍ നന്നാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നാളിതുവരെയും യാതൊരു നടപടിയും കൈ കൊണ്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഈ റോഡിലാകെ കുഴികളും വെള്ളക്കെട്ടും മൂലം ചെറുവാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയുന്നില്ല. റോഡ് തകര്‍ന്ന് അപകടങ്ങള്‍ പതിവായതോടെ ഈ റോഡിലൂടെയുള്ള ഭാരവാഹനങ്ങള്‍ നിരോധിച്ചു പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഇപ്പോഴും ലോറികളും ടിപ്പറുകളും ഒരു തടസവുമില്ലാതെ റോഡിലൂടെ കടന്നുപോകുകയാണ്.
ഇതോടെ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ദിവസേന നൂറുകണക്കിനു കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും യാത്ര ചെയ്യുന്ന വഴിയാണിത്. ഇവിടെ ഇരുചക്ര വാഹന യാത്രക്കാരും, ചെറിയ കാര്‍ യാത്രക്കാരും അപകടത്തില്‍പെടുന്നതു പതിവാണ്.
ജാതിക്ക മലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിലേക്ക് രാപകലില്ലാതെ ഓടുന്ന അമിതഭാരം കയറ്റിയ വാഹനങ്ങളാണ് ഈ റോഡിന്റെ ദുരവസ്ഥയ്ക്കു പ്രധാന കാരണമെന്നു നാട്ടുകാര്‍ പറയുന്നു. താല്‍ക്കാലികമായി അപകടാവസ്ഥയിലുള്ള കുഴികളെങ്കിലും അടയ്ക്കണമെന്നു ജനങ്ങളുടെ ആവശ്യം പോലും അംഗീകരിക്കാന്‍ ഭരണാധികാരികള്‍ തയാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.






