ഏറ്റുമാനൂർ : പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയ്ക്ക് എന്ന് അറുതി വരുമെന്നാണ് അതിരമ്പുഴ നിവാസികള്‍ ചോദിക്കുന്നത്. അതിരമ്പുഴ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളെ തമ്മില്‍ വേർതിരിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. പലതവണ പരാതി നല്‍കിയിട്ടും നാളിതുവരെ നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്കരമാണ്. പാറമാക്ക് മുതല്‍ വേദഗിരി കെ.എസ്.ഇ ലിമിറ്റഡിന്റെ മുൻവശം വരെയുള്ള ഒന്നര കിലോമീറ്റർ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
കിടങ്ങേലോരം ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ പ്രധാന ആശ്രയവും ഇതുവഴിയാണ്. അതിരമ്പുഴ പി.എച്ച്.സിയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് നിരവധി ഗർഭിണികളും കുട്ടികളും ചികിത്സയ്ക്കായി എത്തുന്നതും ഇതേ റോഡിലൂടെയാണ്. കുട്ടികളുടെ അങ്കണവാടിയും റോഡിന്റെ വശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥമൂലം ഓട്ടോറിക്ഷകള്‍ പോലും സഞ്ചരിക്കാൻ വിസമ്മതിക്കുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.






