കഞ്ഞിവെള്ളം വെറുതെ സിങ്കിലേക്ക് ഒഴിച്ചുകളയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അത് ചെയ്യാൻ വരട്ടെ, കാര്യമുണ്ട്. നമ്മുടെ വീട്ടിലെ ചെടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ചതും ചെലവില്ലാത്തതുമായ ജൈവവളങ്ങളിൽ ഒന്നാണ് അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും.
ചെടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (NPK), അന്നജം എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾക്ക് എങ്ങനെ ഉപയോഗിക്കാമെന്നും ഏതൊക്കെ ചെടികൾക്കാണ് കൂടുതൽ അനുയോജ്യമെന്നും നോക്കാം;
പീസ് ലില്ലി
വേരുകളുടെ ആരോഗ്യത്തിനും മണ്ണിന്റെ ഗുണനിലവാരം വർധിപ്പിക്കാനും കഞ്ഞിവെള്ളം മികച്ചതാണ്. എന്നാൽ അന്നജം അധികമായി മണ്ണിൽ അടിഞ്ഞുകൂടാതിരിക്കാൻ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ മാത്രം മണ്ണിൽ ഒഴിച്ചുകൊടുക്കുക. നേരിട്ട് മണ്ണിലേക്ക് ഒഴിക്കുന്നതാണ് ഉചിതം.
സ്നേക്ക് പ്ലാന്റ്
ഈർപ്പം കുറഞ്ഞ അന്തരീക്ഷത്തിൽ വളരാൻ ഇഷ്ടപ്പെടുന്ന ചെടിയാണിത്. പരിപാലിക്കാൻ വളരെയെളുപ്പമാണെന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്. ചെടിച്ചട്ടിയിലെ മണ്ണ് പൂർണമായും ഉണങ്ങി എന്ന് ഉറപ്പായ ശേഷം മാത്രം അല്പം കഞ്ഞിവെള്ളം നൽകുക.
സ്പൈഡർ പ്ലാന്റ്
എപ്പോഴും ചെറിയ ഈർപ്പം ആവശ്യമുള്ള ഇവയ്ക്ക് ആഴ്ചകൾ ഇടവിട്ട് ഇത് നൽകാം. ഇലകളിൽ കഞ്ഞിവെള്ളം വീഴാതെ ശ്രദ്ധിച്ച് വേരുകളിലേക്ക് നേരിട്ട് ഒഴിച്ചുകൊടുക്കുക.
മണി പ്ലാന്റ് & പോത്തോസ്
വെള്ളത്തിലും മണ്ണിലും ഒരുപോലെ വളരുന്ന ചെടിയായതിനാൽ ഇൻഡോ പ്ലാന്റുകളിൽ പ്രധാനിയാണ് മണി പ്ലാന്റുകൾ. മണ്ണിൽ വളർത്തുന്ന മണി പ്ലാന്റുകൾക്ക് ഇടയ്ക്കിടെ കഞ്ഞിവെള്ളം നൽകുന്നത് മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. എങ്കിലും മണ്ണ് എപ്പോഴും നനഞ്ഞുകിടക്കുന്ന അവസ്ഥ ഒഴിവാക്കണം.
ഫേൺ
ജൈവവളക്കൂറുള്ള മണ്ണ് ഇഷ്ടപ്പെടുന്ന ഫേൺ ചെടികൾക്ക് ഇടയ്ക്കിടെ കഞ്ഞിവെള്ളം നൽകുന്നത് അവയ്ക്ക് ലഭിക്കുന്ന മികച്ചൊരു അധിക പോഷകമാണ്.






