കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് നിയമപരമായി വീട്ടില്‍ കൈവശം സൂക്ഷിക്കാന്‍ കഴിയുക വെറും മൂന്നര ലിറ്റര്‍ മദ്യമാണ്. എന്നാല്‍ ലെയണല്‍ മെസ്സി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍നിന്ന് പിടികൂടിയത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. ആകെ 67 ലിറ്ററിലധികം വിദേശമദ്യവും വൈനും!
ഒരു സാധാരണ പൗരന് അനുവദനീയമായ അളവിന്റെ പത്തിരട്ടിയിലേറെയാണ് ഇവിടെ പിടിച്ചെടുത്തത്. ഈ ഭീമമായ അളവില്‍ മദ്യം ഒരു വീട്ടില്‍ സൂക്ഷിക്കണമെങ്കില്‍, ആ വീട്ടില്‍ അതിന് തക്കതായ ആളുകളോ സ്ഥിരമായ താസമോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് വ്യക്തമാക്കുന്നത് ബാര്‍ ലൈസന്‍സ് ഇല്ലാതെതന്നെ ആ വീട്ടില്‍ ഒരു സമാന്തര ബാര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന ഗൗരവതരമായ സത്യത്തിലേക്കാണ്.
തനിക്ക് നിയമത്തിന്റെയോ അന്വേഷണ ഏജന്‍സികളുടെയോ മുന്നില്‍ തൊടാന്‍പോലും കഴിയില്ലെന്ന വലിയ ആത്മവിശ്വാസത്തിന്റെ തെളിവുകൂടിയാണ് ഈ മദ്യശേഖരം. എന്ത് നിയമലംഘനവും ചോദ്യം ചെയ്യപ്പെടില്ലെന്ന അഹങ്കാരമാണ് ഇതിലൂടെ പുറത്തുവരുന്നത്. ബാര്‍ ലൈസന്‍സ് ഇല്ലാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് അബ്കാരി നിയമപ്രകാരം പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കടുത്ത കുറ്റമാണ്.
മദ്യം കടത്ത്, അനധികൃത മദ്യ ശേഖരം, നികുതി വെട്ടിച്ച് മദ്യം സൂക്ഷിക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് ചുമത്തിയിരിക്കുന്നത്. പരിശോധന നടന്ന വീട് പൂര്‍ണ്ണമായും ആന്റോയുടെ പേരിലാണ് എന്നതിനാലാണ് ഈ കേസില്‍ അദ്ദേഹത്തെ മാത്രം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘം രാത്രി മുഴുവന്‍ വാഹനം ഓടിച്ചാണ് കൊച്ചിയില്‍ എത്തിയത്. അറസ്റ്റ് ഒഴിവാക്കാനായി ആന്റോ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ അഭയം പ്രാപിക്കുകയായിരുന്നു. ന്യൂസ്റൂമിനുള്ളില്‍ കയറി ആരും തന്നെ അറസ്റ്റ് ചെയ്യില്ലെന്ന അബദ്ധധാരണയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
എന്നാല്‍ എക്സൈസ് എ.സി ബൈജുവിന്റെയും പെരുമ്പാവൂര്‍ സി.ഐ മനോജ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം ആ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചു. ഓഫീസിനുള്ളില്‍ വെച്ച് എക്സൈസ് സംഘം സീസ്ഡ് മഹസര്‍ വായിച്ചു കേള്‍പ്പിച്ചതോടെ കാര്യങ്ങള്‍ ആന്റോ വിചാരിച്ചതുപോലെ മുന്നോട്ട് പോയില്ല. തന്റെ അറസ്റ്റ് തടയാനായി ഉടന്‍ തന്നെ എഫ്.ഐ.ആര് വേണമെന്ന് ആന്റോ അഗസ്റ്റിന് കടുംപിടുത്തം പിടിച്ചു. ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ എഫ്.ഐ.ആര് കാണിച്ചെങ്കിലും, ഹാര്‍ഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിച്ച് റിപ്പോര്‍ട്ടര്‍ ടിവി മുതലാളി രംഗം കൂടുതല്‍ വഷളാക്കി. എഫ്.ഐ.ആറിന്റെ ഹാര്‍ഡ് കോപ്പി കൈമാറിയതോടെ സമനില വീണ്ടെടുത്ത ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിഷേധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ആന്റോ അഗസ്റ്റിനെ ഒടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.






