തിരുവനന്തപുരം : സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതില്‍ സിപിഎം മന്ത്രിമാര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നും ചില മന്ത്രിമാരെ നേരില്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും പാർട്ടിക്കും മുൻ സർക്കാരിനുമെതിരെ കടുത്ത വിമർശനമുണ്ട്.
മന്ത്രിമാര്‍ ഭരണപരമായ കാര്യങ്ങള്‍ക്കായി പൂര്‍ണ്ണമായും ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതാണ് തിരിച്ചടിയായത്. ഭരണം മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും ഉദ്യോഗസ്ഥരിലൂടെയുമാണ് നടക്കുന്നത് എന്ന ധാരണ പാര്‍ട്ടി കേഡര്മാരില് സൃഷ്ടിക്കാന്‍ ഇത് കാരണമായി. ഇതിന്റെ ഫലമായി ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ തങ്ങളുടെ സജീവ ഇടപെടല്‍ ആവശ്യമില്ലെന്ന് ഒരു വലിയ വിഭാഗം പ്രവര്‍ത്തകര്‍ കരുതിപ്പോന്നു. ഇത് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
പാര്‍ട്ടിയുടെ വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് ഏറ്റെടുക്കുന്നതിന് പകരം അത് പൂര്‍ണ്ണമായും ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുത്തു. ഇത് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിക്ക് വര്‍ഷങ്ങളായി ഉണ്ടായിരുന്ന സ്വാധീനവും വിശ്വാസ്യതയും കുറയാന്‍ പ്രധാന കാരണമായി തീര്‍ന്നു.
കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതവും പക്ഷപാതപരമായ നിലപാടുകളും ഉണ്ടായെന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനോ നേരിടാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉൾപ്പടെ ഇടതു മുന്നണിക്കെതിരെ ന്യൂനപക്ഷ വോട്ടര്‍മാരെ സംഘടിപ്പിക്കുന്നതിലും തെറ്റിദ്ധാരണ പരത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ചില നേതാക്കള്‍ പൊതുവേദികളിലോ മാധ്യമങ്ങളോടോ സംസാരിക്കുമ്പോള്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും അവ വിനയായി മാറുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കേഡര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായതും സംഘടനകള്‍ക്കുള്ളിലെ രാഷ്ട്രീയവത്കരണത്തിന്റെ കുറവും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.






