തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളുമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ സമയത്ത് ആരോപണം ഒഴിവാക്കി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് പ്രതിപക്ഷ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കവേ ചെന്നിത്തല പറഞ്ഞു.
കാവുഭാഗം ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ പ്രളയമുണ്ടായപ്പോള്‍ ഞങ്ങളാരും അന്നേരം ആരോപണം ഉന്നയിച്ചില്ല. പിന്നീട് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കേണ്ട സമയമല്ല. എല്ലാവരും ചേര്‍ന്ന് ഈ പാവങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരിക. ആരോപണവും പ്രത്യാരോപണവും ഒക്കെ പിന്നീടാവാം – അദ്ദേഹം പറഞ്ഞു.
പ്രളയബാധിതരായ വ്യാപാരികളെ സഹായിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. നാശനഷ്ടങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട് പൂര്‍ണമായും വെള്ളത്തിലായി. ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍ മേഖലകളില്‍ വീടുകളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘവും ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആലപ്പുഴ-ചങ്ങനാശേരി റോഡ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളത്തിനടിയിലായി. ആലപ്പുഴ ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനവുമുണ്ട്. നിലവിൽ അപ്പര്‍കുട്ടനാട്ടില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങി.






