പത്തനംതിട്ട : വടശ്ശേരിക്കരയിലെ കാട്ടാന ശല്യത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഒരു മനുഷ്യന് ചത്താല്‍ 20 ലക്ഷം. ചാകാന്‍ നോക്കി ഇരിക്കുകയാണ്, മുഖ്യമന്ത്രിയും വനം മന്ത്രിയും എന്നിങ്ങനെ ആയിരുന്നു രാജു എബ്രഹാമിന്റെ പരാമര്‍ശം. സിപിഐഎം വടശ്ശേരിക്കര ലോക്കല്‍ കമ്മിറ്റി വടശ്ശേരിക്കര ടൗണില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ പ്രസംഗിക്കുക ആയിരുന്നു രാജു എബ്രഹാം.
ശബരിമല തീര്‍ത്ഥാടന പാതയിലെ വടശ്ശേരിക്കരയില്‍ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര സാന്നിധ്യം ജനജീവിതത്തിന് ഭീഷണിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന ഇറങ്ങിയതോടെ പ്രതിഷേധം ശക്തമായി. സ്ഥലത്തെത്തിയ എംഎല്‍എ പഴകുളം മധുവിനെ നാട്ടുകാര്‍ തടയുന്ന സാഹചര്യമുണ്ടായി.
പ്രതിഷേധത്തിന് പിന്നാലെ ചേര്‍ന്ന യോഗത്തില്‍ നാട്ടുകാരുടെ ആശങ്കകളും നിര്‍ദേശങ്ങളും കേട്ടറിഞ്ഞു. പ്രശ്നത്തിന്റെ കാരണങ്ങള്‍ വിലയിരുത്തിയായിരുന്നു പരിഹാര തീരുമാനങ്ങള്‍. 2016ല്‍ തേക്ക് പ്ലാന്റേഷന് നടപ്പാക്കിയ ശേഷം സ്ഥാപിച്ച ഫെന്‍സിങ്ങാണ് കാട്ടാനക്കൂട്ടം ഇറങ്ങാന്‍ കാരണമെന്ന വിലയിരുത്തല്‍. ഫെന്‍സിങ് ഇന്ന് തന്നെ മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.






