തിരുവനന്തപുരം: ബിജെപി ദേശീയ സെക്രട്ടറിമാരായി നിയമിതരായ കെ സുരേന്ദ്രനും അനില്‍ ആൻ്റണിക്കും അഭിനന്ദനങ്ങള്‍ നേർന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ബിജെപി കേരള ഘടകത്തിൻ്റെ വളർച്ചയ്ക്കായി ഇരുവരും നല്കിയ നിസ്തുലമായ സംഭാവനകള്‍ക്കും കഠിനാധ്വാനത്തിനും ലഭിച്ച അർഹമായ അംഗീകാരമാണിതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പുതിയ ഉത്തരവാദിത്തങ്ങള്‍ ഇതേ ഊർജത്തോടും അർപ്പണബോധത്തോടും കൂടി ഭംഗിയായി നിറവേറ്റുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷനായ ശേഷമുള്ള പാർട്ടിയിലെ ആദ്യ അഴിച്ചുപണിയിലാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കിയത്. 16 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് സുരേന്ദ്രൻ്റെ നിയമനം. സുരേന്ദ്രന് ഇത് ദേശീയ രംഗത്തേക്കുള്ള എൻട്രിയാണെന്നാണ് വിലയിരുത്തല്‍. ദേശീയ ഉപാധ്യക്ഷ പദവിയില്‍നിന്ന് എ പി അബ്ദുള്ളക്കുട്ടിയെ നീക്കിയപ്പോള്‍, അനില്‍ ആൻ്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. ബി എല്‍ സന്തോഷിന് തന്നെ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയില്‍ തുടരും.
ആകെ 13 ഉപാധ്യക്ഷന്മാരാണ് നിയമിതരായത്. ഇതില്‍ വസുന്ദര രാജെയും ഡി പുരന്ദേശ്വരിയും അടക്കം ആറുപേർ വനിതകളാണ്. രാം മാധവും ഉപാധ്യക്ഷ പദവിയിലേക്ക് എത്തി. കൂടാതെ, ബൈജയന്ത് ജയ് പാണ്ഡയും ഉപാധ്യക്ഷനാകും. അമേഠിയിലെ തോല്‍വിക്ക് ശേഷം പാർട്ടിയില്‍ സജീവമല്ലാതിരുന്ന സ്മൃതി ഇറാനിയെ ജനറല്‍ സെക്രട്ടറിയാക്കി. ദേശീയ ട്രഷററായി പിയുഷ് ഗോയലിനെ നിയമിച്ചു. സാമൂഹ്യ മാധ്യമ വിഭാഗത്തിലും അഴിച്ചുപണിയുണ്ട്. 11 വർഷക്കാലം പാർട്ടിയുടെ ഐടി ഇൻചാർജ് സ്ഥാനം വഹിച്ച അമിത് മാളവ്യയെ നീക്കി ദീപക് മസ്കെയെ സോഷ്യല്‍ മീഡിയ കണ്‍വീനറായി നിയമിച്ചു. ഹേമംഗ് ജോഷിയെ യുവമോർച്ച അധ്യക്ഷനായും നിയമിച്ചു.






