തിരുവനനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ട് നിലവിലുണ്ട്. നാളെ ഇടുക്കിയിലും സെപ്റ്റംബർ 19ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ന്യൂനമർദ്ദ സാധ്യത
വടക്കൻ തായ്ലൻഡിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യത. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3-4 ദിവസങ്ങളില്‍ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.






