തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു.
മദ്ധ്യ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് (ഒക്ടോബർ 25) അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഇത് ഒക്ടോബർ 26ന് രാവിലെ മദ്ധ്യബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേർന്ന മദ്ധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ഒക്ടോബർ 27ന് രാവിലെ മദ്ധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ട്.
തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയില്‍ നീങ്ങുന്ന ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായിമാറുകയും ഒക്ടോബർ 28ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മദ്ധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുകയും. ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍ക്കിടയിലൂടെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള മണിക്കൂറില്‍ 115-125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഇന്ന് (ഒക്ടോബർ 25) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്നുമുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റെഡ് അലർട്ട്
വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഓറഞ്ച് അലർട്ട്
25/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ
26/10/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
25/10/2026: കാസർകോട്
26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്
27/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.






