എറണാകുളം: കനത്തമഴയിൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. പുഴകളും തോടുകളുമെല്ലാം കരകവിഞ്ഞു താഴ്ന്നയിടങ്ങളിൽ വെള്ളം കയറി. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഭൂതത്താൻകെട്ട് ബറാജിന്റെ 14 ഷട്ടറുകളും വെള്ളിയാഴ്ച രാത്രി ഉയർത്തി.
തകരാറിലായ ഒരു ഷട്ടർ അടഞ്ഞുകിടക്കുകയാണ്. ജില്ലയിൽ 6 ദുരിതാശ്വാസ ക്യാംപുകളിലായി 160 പേരെ മാറ്റിപ്പാർപ്പിച്ചു. മൂവാറ്റുപുഴയാറും തൊടുപുഴയാറും കോതയാറും കാളിയാറും പൂയംകൂട്ടി പുഴയും കോതമംഗലം പുഴയും കരകവിഞ്ഞു.
കോതമംഗലം മണികണ്ഠൻചാൽ ചപ്പാത്തും കുടമുണ്ട പാലവും മണിക്കിണർ പാലവും മുങ്ങി. പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു. ആലുവ മണപ്പുറത്തു വെള്ളംകയറി ശിവക്ഷേത്രത്തിലെ ശിവലിംഗം വെള്ളത്തിനടിയിലായി ഈ വർഷത്തെ ആദ്യത്തെ ആറാട്ട് നടന്നു.
അതേ സമയം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ പതിവു പോലെ നടന്നു.






