തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.
ആന്ധ്ര തീരത്ത് തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നതും ലക്ഷദ്വീപിന് മുകളിലും തെക്കൻ തമിഴ്നാടിന് മുകളിലുമായി ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതുമാണ് നിലവിലെ കാലാവസ്ഥാ സാഹചര്യത്തെ സ്വാധീനിക്കുന്നത്.
ഇതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട ജില്ലയിലും യെല്ലോ അലർട്ട് ബാധകമാണ്.
തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.






