കോട്ടയം: അപ്രതീക്ഷിത മഴയിൽ വിറച്ചു കോട്ടയത്തെ മലയോര മേഖല.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ചൂടില്‍ നിന്നു മഴ ആശ്വാസമാകുമെന്നു കരുതിയെടുത്തു
നിന്നാണ് അതിശക്തമായ മഴയെത്തി പ്രളയ സമാന സാഹചര്യം സൃഷ്ടിച്ചത്.
മഴ ശക്തി പ്രാപിച്ചതോടെ വാഗമണ്‍ കാരികോട് ടോപ്പില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കിഴക്കന്‍ പ്രദേശവാസികളെ ദുരിതകയത്തിലാഴ്ത്തി.
ശക്തമായ മഴയില്‍, കുത്തൊഴുക്ക് ഉണ്ടായതോടെ, ഉരുള്‍ പൊട്ടലുണ്ടായെന്ന തരത്തില്‍ വാര്‍ത്തയും പരന്നത് ആശങ്ക സൃഷ്ടിച്ചു.
ഉച്ചയോടെയാണു മഴക്കെടുതി രൂക്ഷമായത്.
കിഴക്കന്‍ പ്രദേശങ്ങളായ ഈരാറ്റുപേട്ട, വാഗമണ്‍, തീക്കോയി മേഖലകളിലെ പ്രദേശങ്ങളാണു വെള്ളത്തിലായത്.
ഇതോടെ പല മേഖലകളും വീടുകളും ഒറ്റപ്പെട്ടു.
മലയോരമേഖല വെള്ളത്തിലായതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.
അവധി ദിവസങ്ങളായതിനാല്‍ ഹോംസ്റ്റേകളും റിസോര്‍ട്ടുകളുമെല്ലാം ബുക്കിങ് പൂര്‍ണമായിരുന്നു.
ഇതിനിടെ ഉരുള്‍ പൊട്ടി എന്ന വാര്‍ത്തകള്‍ പരന്നതു സഞ്ചാരികളെ ആശങ്കയിലാക്കി.
അതേസമയം, കാലാവസ്ഥാ നിരീക്ഷണ ഇടത്തരം മഴ ലഭിക്കുമെന്ന മുന്നറിയിപ്പ് മാത്രമാണു നല്‍കിയിരിക്കുന്നത്.
എന്നാല്‍, റെഡ് അലേര്‍ട്ടിന് സമാനമായ മഴയാണു പ്രദേശത്തു ലഭിച്ചതെന്നാണു പ്രദേശവാസികള്‍ പറയുന്നത്.
മീനച്ചിലാറിലും ജലനിരപ്പ് ഉയരുകയാണ്.
ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വിവിധയിടങ്ങളില്‍ ശക്തമായ വെള്ളമൊഴുക്കാണ് അനുഭവപ്പെട്ടത്.
മീനച്ചിലാറ്റിലും ജല നിരപ്പ് ഉയരുകയാണ്. മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്തും ജലനിരപ്പ് ഉയര്‍ന്നു.
മഴ ശക്തിപ്രാപിച്ചാല്‍ മലയോര മേഖലയില്‍ ജനങ്ങളുടെ നെഞ്ചിടിപ്പേറും.
ഒരു മാസം മുന്‍പു പൂഞ്ഞാര്‍ പയ്യാനിതോട്ടത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ രണ്ടു പേരുടെ ജീവന് നഷ്ടമായതിന്റെ നടുക്കം ഇനിയും ജനങ്ങള്‍ക്കു വിട്ടുമായിട്ടില്ല.
ഇതിനിടെയാണു തീക്കോയി ഭാഗത്തു വീണ്ടും ഉരുള്‍പൊട്ടലിനു സമാനമായ സാഹചര്യം ഉണ്ടായത്.
ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിരിക്കുന്നത്.
കൂട്ടിക്കല്‍, തലനാട്, തീക്കോയ് വില്ലേജുകളിലാണ് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളത്.
കൂട്ടിക്കലില്‍ പതിനൊന്നിടത്ത് മണ്ണിടിച്ചിലിനു സാധ്യതായി കണ്ടെത്തിയിട്ടുള്ളയത്.
തീക്കോയി എട്ട് ഇടത്തും തലനാടില്‍ ഏഴിടത്തുമാണ് മണ്ണിടിച്ചിലിന് സാധ്യത പറയുന്നത്.
കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടര്‍ച്ചയായി അപകടം വിതയ്ക്കുന്ന സാഹചര്യമുണ്ട്.
ചുരുക്കം മണിക്കൂറുകള്‍ കൊണ്ട് തന്നെ വലിയ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്.
അതുകൊണ്ടു തന്നെ മഴയൊന്നു ശക്തിപ്പെട്ടാല്‍ ജനങ്ങള്‍ക്കു ആശങ്ക ഏറെയാണ്.
വാഗമണ്‍- ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസപ്പെട്ടു
ശക്തമായ മഴയെ തുടര്‍ന്ന് വാഗമണ്‍- ഈരാറ്റുപേട്ട റോഡില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു.
കിലോമീറ്ററുളോളം ഗതാഗത കുരുക്ക് ഉണ്ടായി.
മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്.
മീനച്ചില്‍ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
പ്രത്യേകിച്ച് വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് എം.ജെ സെബാസ്റ്റ്യന്‍ എം.എല്‍.എ അറിയിച്ചു.






